ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റില്‍ സീനിയര്‍ മാനേജരെ എഐടിയുസി പ്രവര്‍ത്തകര്‍ ഉപരോധിച്ചു
1577903
Tuesday, July 22, 2025 2:49 AM IST
അഞ്ചല്‍ : ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റില്‍ സീനിയര്‍ മാനേജരെ എഐറ്റിയുസി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഓയില്‍ പാം എസ്റ്റേറ്റിലെ എഐടിയുസി കണ്‍വീനറും സിപിഐ ലോക്കല്‍ കമ്മിറ്റിയെ അംഗവുമായ ബിജുവിനെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ മര്‍ദിച്ചിരുന്നു. ഈകേസില്‍ ഓയില്‍പാം തൊഴിലാളി ഉള്‍പ്പടെയുള്ള രണ്ടുപേരെ ഏരൂര്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരനായ തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, പുറത്തുനിന്നും എത്തുന്നവര്‍ തൊഴിലാളികളെ ആക്രമിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം എന്നതടക്കം ആവശ്യപ്പെട്ട് കൊണ്ടുമാണ് എഐടിയുസി യൂണിയന് തൊഴിലാളികള്‍ സീനിയര്‍ മാനേജരെ ഉപരോധിച്ചത്.
മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനോടുവില് സിപിഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറിയും എഐടിയുസി നേതാവുമായ എസ് .സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എംഡി, ചെയര്മാന് എന്നിവരുമായി ഫോണില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.
ഓയില്പാമിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘമാളുകള്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇത്തരക്കാരെ തൊഴിലാളി സമൂഹം ഒറ്റപ്പെടുത്തണം എന്നും എസ്. സന്തോഷ് പറഞ്ഞു. നേതാക്കളായ കലാധരന്‍, ഷാജി റ്റി.ബാബു, രതീഷ്, അനൂപ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
അതേസമയം ബിജുവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ഏരൂര്‍ പോലീസ് പിടികൂടിയിരുന്നു. ഓയില്‍പാം തൊഴിലാളി ഷൈജു, ഏറം സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.