സിപിഐ ജില്ലാ സമ്മേളനം; 31ന് ഡി. രാജ കൊല്ലത്ത്
1577891
Tuesday, July 22, 2025 2:49 AM IST
കൊല്ലം: സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് കന്റോണ്‍മെന്റ് മൈതാനിയില്‍ റെഡ് വോളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.
ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 30നാണ് സമ്മേളനം ആരംഭിക്കുക. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഓഗസ്റ്റ് മൂന്നിന് സമാപിക്കും. 30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ജാഥയും കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്ന് കൊടിമര ജാഥയും കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖാ ജാഥയും ഉളിയനാട് രാജേന്ദ്രൻ സ്മൃതി കുടീരത്തിൽ നിന്നും ബാനർ ജാഥയും വൈകുന്നേരം 4.30ന് കന്റോൺമെന്റ് മൈതാനിയിൽ സംഗമിക്കും. തുടര്‍ന്ന് മുതിർന്ന സിപിഐ നേതാവ് എൻ. അനിരുദ്ധൻ പതാകയുയർത്തും.
വൈകുന്നേരം അഞ്ചിന് പാർട്ടി നൂറാം വാർഷികാഘോഷവും കമ്യുണിസ്റ്റ് കുടുംബസംഗമവും നടക്കും. സിപിഐ ദേശീയ എക്സി. അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിന് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി' നാടകം അരങ്ങേറും.
ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ സി .കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും.
പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് ഇപ്റ്റ കലാസന്ധ്യ നടക്കും.