ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം : സ്കൂൾ മാനേജരെ അറസ്റ്റ് ചെയ്യണം: കൊടിക്കുന്നിൽ സുരേഷ് എംപി
1577688
Monday, July 21, 2025 6:43 AM IST
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സുതാര്യമായ അന്വേഷണവും ശക്തമായ നിയമനടപടികളും ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
സംഭവത്തിൽ കെഎസ്ഇബി, വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ മാനേജ്മെന്റ്, സംസ്ഥാന സർക്കാർ തുടങ്ങി എല്ലാ ബന്ധപ്പെട്ട സംവിധാനങ്ങൾക്കും തുല്യമായി ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നുവെന്ന് എംപി വ്യക്തമാക്കി. എന്നാൽ ഇതുവരെ സർക്കാർ യാതൊരു ഗൗരവപരമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഹെഡ്മിസ്ട്രസിനെ മാത്രം പുറത്താക്കിയാണ് മാനേജ്മെന്റ് മറ്റ് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നടത്തുന്ന നാടകമാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ മാനേജർ ഈ അപകടത്തിൽ ഒന്നാം പ്രതിയാണെന്നും, അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.
സ്കൂളിന്റെ നിയന്ത്രണത്തിൽ ഗുരുതര വീഴ്ച പറ്റിയ മാനേജ്മെന്റും പിടിഎയും പിരിച്ചുവിട്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഏറ്റെടുക്കേണ്ടതാണ്. സംഭവത്തിന് ശേഷം ഇന്നുവരെ സംസ്ഥാന സർക്കാർ ന്യായമായ ഒരു നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. മന്ത്രിമാർ പോലും വിദ്യാർഥിയുടെ ഭൗതികശരീരം കാണുവാൻ സ്കൂളിലോ വീട്ടിലോ എത്തിയില്ല.
കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഈ ഗുരുതരമായ അനാസ്ഥയ്ക്ക് ന്യായമായ പരിഹാരമല്ല. മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കുറഞ്ഞത് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.