നഗരസഭ സ്വകാര്യ വസ്തുവിൽ ചെയ്ത കോൺക്രീറ്റ് ഒരുമാസത്തിനകം നീക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
1577690
Monday, July 21, 2025 6:43 AM IST
കൊല്ലം : സ്വകാര്യ വസ്തുവിൽ കൊല്ലം നഗരസഭ കോൺക്രീറ്റ് ചെയ്ത സാഹചര്യത്തിൽ അനധികൃതമായി ചെയ്ത കോൺക്രീറ്റ് ഒരു മാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നഗരസഭാ സെക്രട്ടറി ക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഉത്തരവ് പാലിച്ച ശേഷം നഗരസഭാ സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
തന്റെ വസ്തു അനധികൃതമായി കൈയേറി നാഗരസഭ കോൺക്രീറ്റ് ചെയ്തതിനെതിരെ വാളത്തുംഗൽ കയ്യാലയ്ക്കൽ സ്വദേശിനി സുറുമി നവാബ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊല്ലം നഗരസഭാ സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, പരാതിക്കാരിയുടെ കൈവശമുള്ള സ്ഥലത്താണ് നഗരസഭ കോൺക്രീറ്റ് ചെയ്തതെന്ന് അറിയിച്ചു. പരാതി നിയമപരമായി നിലനിൽക്കുമെന്നതിനാൽ കോൺക്രീറ്റ് നീക്കം ചെയ്യാമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
റിപ്പോർട്ട് കൗൺസിലിൽ സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്നും സെക്രട്ടറി അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 27 നാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. എന്നാൽ ജൂൺ 28ന് കമ്മീഷൻ കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ ഹാജരായ പരാതിക്കാരി നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടർന്നാണ് ഒരു മാസത്തിനകം കോൺക്രീറ്റ് നീക്കാൻ കമ്മീഷന്റെ ഉത്തരവുണ്ടായത്.