അതുല്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
1577689
Monday, July 21, 2025 6:43 AM IST
ചവറ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണുള്ളത്. ഗാർഹിക പീഡനം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ഷാർജയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടത്തി നാട്ടിലെത്തിച്ച ശേഷം ആയിരിക്കും അന്വേഷണം ഊർജിതമാക്കുക. രണ്ടുദിവസം എടുക്കും പ്രാഥമിക വിവരം ലഭിക്കാൻ.അതുല്യ ഉപയോഗിച്ച ഫോൺ സഹിതം പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതകം, ഗാർഹിക പീഡനം , മർദ്ദനം എന്നിവ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്
എന്നാൽ ഭാര്യ അതുല്യയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ഷാർജയിലുള്ള ഭർത്താവ് ശാസ്താംകോട്ട സ്വദേശി കൂടിയായ സതീഷ് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. താൻ തിരികെ ഫ്ലാറ്റിൽ വന്നപ്പോൾ ഭാര്യ തൂങ്ങി നിൽക്കുന്നതായിട്ട് കണ്ടു.
ഉടൻതന്നെ സമീപത്തുള്ളവരെയും പോലീസിലും വിവരമറിയിച്ചു എന്നാണ് പറയുന്നത്. റൂമിലെ കട്ടിലിന്റെ സ്ഥാനം മാറികിടന്നിരുന്നു .മാസ്കും കത്തിയും റൂമിൽ കിടക്കുന്നുണ്ടായിരുന്നുവെന്ന് സതീഷ് പറഞ്ഞു.