മിഥുന്റെ കുടുംബത്തിന് സ്കൂള്‍ മാനേജ്മെന്റ് 10 ലക്ഷം കൈമാറി
1577902
Tuesday, July 22, 2025 2:49 AM IST
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് സ്കൂള്‍ മാനേജ്മെന്റ് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
മാനേജര്‍ തുളസീധരൻ പിള്ള വീട്ടില്‍ എത്തിയാണ് 10ലക്ഷം രൂപയുടെ ചെക്ക് മിഥുന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചത്. മിഥുന് മരിച്ചതിന് പിന്നാലെ 10 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റ് നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.
ഇന്നലെ തേവലക്കര സ്കൂളില്‍ സംഘടിപ്പിച്ച മിഥുൻ അനുസ്മരണ സമ്മേളനം നൊമ്പരങ്ങൾ പങ്കിട്ട വേദിയായി. യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ് സംഭവിച്ചതെന്ന് പറഞ്ഞ മാനേജര്‍ തുളസീധരന്‍ പിള്ള അനുസ്മരണ വേദിയില്‍ സങ്കടം അടക്കാനാകാതെ വിതുമ്പി. നമ്മളെത്ര ദുഃഖിച്ചാലും അതിനപ്പുറമല്ലേ കുടുംബത്തിന്റെ ദുഃഖമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റു പറ്റിയിട്ടുണ്ടെന്ന് ബോധ്യമായി. ഒരു മകനെ നഷ്ടപ്പെട്ട വേദനയാണ് തനിക്കിപ്പോള്‍ തോന്നുന്നത്.
അത് ജീവിതാവസാനം വരെ വേട്ടയാടും. സ്കൂളില്‍ ചെറിയ കാര്യത്തില്‍പ്പോലും വലിയ സുരക്ഷയാണ് ഒരുക്കിയട്ടുള്ളത്. അങ്ങോട്ടേയ്ക്ക് ആരെങ്കിലും പോകുമെന്ന് ഒരിക്കലും പ്രതീക്ഷില്ല.
സസ്പെന്‍ഷനില്‍ വേദനയില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതായും സ്കൂള്‍ മാനേജര്‍ പറഞ്ഞു. അനുസ്മരണ യോഗത്തിന് ശേഷമാണ് മിഥുന്റെ വീട്ടിലെത്തി ധനസഹായം കൈമാറിയത്.
സ്കൂൾ നാളെ തുറക്കും
കൊല്ലം : മിഥുന്റെ മരണത്തിന് പിന്നാലെ അടച്ചിട്ട സ്കൂള്‍ നാളെ തുറക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് ക്ലാസ് നല്‍കും. ബോയ്സ് ഹൈസ്കൂളിലും ഗേള്‍സ് ഹൈസ്കൂളിലും ചൈല്‍ഡ് ലൈനിന്റെ നാലു കൗണ്‍സലര്‍മാര്‍ വീതമെത്തിയാണ് കൗണ്‍സലിംഗ് നല്‍കുക.
രണ്ടു ദിവസം കൊണ്ട് ക്ലാസിനു മുന്‍പ് കുട്ടികള്‍ക്കെല്ലാം കൗണ്‍സലിംഗ് നല്‍കാനാണു തീരുമാനം. മിഥുന്റെ മരണം നേരിട്ടു കണ്ടതിന്റെ ഞെട്ടലില്‍നിന്നു കുട്ടികള്‍ മോചിതരായിട്ടില്ലെന്നു ഇന്നലെ നടന്ന യോഗത്തില്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു. ചില കുട്ടികള്‍ വീട്ടിലെത്തി കരഞ്ഞുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇതും ബാലാവകാശ കമ്മീഷന്റെ നിര്‍ദേശവും കണക്കിലെടുത്താണ് കൗണ്‍സലിംഗ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. അധ്യാപകര്‍ക്ക് കൗണ്‍സലിംഗ് നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.
അതിനിടെ, സ്കൂളിലെ കേടായ വാട്ടര്‍ ടാങ്ക് പൊളിച്ചുകളഞ്ഞു. അപകടകരമായി നില്ക്കുന്ന മരങ്ങള്‍, മരക്കൊമ്പുകള്‍ തുടങ്ങിയവ വെട്ടിമാറ്റി വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. ഇതുകൂടാതെ, മിഥുന് സൈക്കിള്‍ ഷെഡിനു മുകളിലേക്കു ചാടിയ ഭാഗത്ത് ഗ്രില്‍ സ്ഥാപിച്ചു.