പാലങ്ങൾ നാടിന്റെ ചരിത്രം മാറ്റിമറിക്കും: മന്ത്രി മുഹമ്മദ് റിയാസ്
1577683
Monday, July 21, 2025 6:26 AM IST
കൊല്ലം: പാലങ്ങൾ നാടി െന്റ ചരിത്രം മാറ്റിമറിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. വെളിയം-കരീപ്ര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവ് പാലത്തിന്റെ ഉദ്ഘാടനവും നെടുമൺകാവ് ശാസ്താംകടവിലെ പുതിയ പാലത്തി െന്റ നിർമാണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പാലം വരുന്നതിനു മുൻപും അതിന് ശേഷവും നാട് വിലയിരുത്തപ്പെടും. കിലോമീറ്ററുകൾ സഞ്ചരിക്കാതെ നെടുമൺകാവ് ടൗണിൽ ഇനി വേഗത്തിൽ എത്താൻ കഴിയും. 16.50 കോടി രൂപയാണ് പാലത്തിനും അനുബന്ധ റോഡ് നിർമാണത്തിനുമായി അനുവദിച്ചത്.
4.34 കോടി രൂപയ്ക്കാണ് ശാസ്താംകടവ് പാലം പ്രവർത്തി ആരംഭിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന പാലത്തിന്റെ വീതി കൂട്ടി പുനർനിർമിക്കുന്ന ശാസ്താംകടവ് പാലം നാടിന്റെ വികസനത്തിന് ഗുണകരമായി മാറുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കണമെന്ന ലക്ഷ്യം മൂന്നര വർഷത്തിൽ സാക്ഷാത്കരിച്ചു. 150 പാലങ്ങൾ എന്ന നേട്ടത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദീർഘദൂര യാത്രകൾക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് അറക്കടവ് പാലം നിർമിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കെഎസ്ആർടിസി അടുത്ത ദിവസങ്ങളിൽ തന്നെ സർവീസ് നടത്തും. ശാസ്താംകടവ്, കൽച്ചിറ പള്ളി എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. നെടുമൺകാവിലെ ഷോപ്പിംഗ് കോംപ്ലക്സ് ഉടനെ പ്രവർത്തനം ആരംഭിക്കുമെന്നും വെളിയത്തെ ഷോപ്പിംഗ് കോംപ്ലക്സിനായി മൂന്നു കോടി രൂപ വകയിരുത്തിയെന്നും ബാലഗോപാൽ വ്യക്തമാക്കി.
വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കരിപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷൈൻ കുമാർ, പ്രിജി ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.