അധ്യയനം മുടക്കികളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് അധ്യാപകരും രക്ഷിതാക്കളും
1577681
Monday, July 21, 2025 6:26 AM IST
അഞ്ചല്‍ : സ്കൂള്‍ തുറന്നു ഒന്നേകാല്‍ മാസം പിന്നിടുമ്പോള്‍ ആറിലധികം വിദ്യാഭ്യാസ ബന്ദ്. പഠിപ്പു മുടക്കും വിദ്യാഭ്യാസ ബന്ദുമൊക്കെ ആഹ്വാനം ചെയ്തതില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ല. ആറോളം പ്രവര്‍ത്തി ദിവസമാണ് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിനെ തുടര്‍ന്നു നഷ്ടമായിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്‍പി, യുപി സ്കൂളുകളെയും വിദ്യാഭ്യാസ ബന്ദുകള്‍ ബാധിച്ചിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചാല്‍ ഉടന്‍ ലോക്കല്‍ നേതാക്കള്‍ സ്കൂളിലെ പ്രധാനാധ്യാപകരെ ഫോണില്‍ വിളിക്കുകയോ നേരിട്ടെത്തുകയോ ചെയ്തു സ്കൂള്‍ ബസ് അയക്കരുതെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിന് വിസമ്മതിച്ചാല്‍ ഭീഷണി. പലരും ഭീഷണി ഭയന്ന് സ്കൂള്‍ ബസ് അയക്കാറില്ല. ഇതോടെ ഭൂരിഭാഗം കുട്ടികളും സ്കൂളില്‍ എത്താതാകും.
വിദ്യാര്‍ഥി സംഘടനകള്‍ എന്തെന്നോ അവയുടെ പേരെന്തെന്നോ അറിയാത്ത ചെറിയ കുട്ടികളുടെ പഠനം മുക്കുന്നതില്‍ സ്കൂളുകള്ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും വലിയ പ്രതിഷേധവും അമര്‍ഷവും ഉയരുകയാണ്.
രക്ഷിതാക്കള്‍ മുന്‍കൈയെടുത്തുകൊണ്ട് സ്കൂള്‍ പിടിഎ വിളിച്ച് ചേര്‍ത്തു തുടര്ച്ചയആയുള്ള സമരങ്ങള്‍ക്കെതിരേ രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ്. ആദ്യഘട്ടമെന്ന നിലയില്‍ സ്കൂളുകളുടെ കൂട്ടായ്മ രൂപീകരിച്ച് വിദ്യാര്‍ഥി സംഘടനകളുടെ മാതൃസംഘടനാ നേതാക്കള്‍ക്ക് എല്‍പി, യുപി സ്കൂളുകളെയെങ്കിലും സമരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു കത്ത് നല്‍കും.
ഇവരുടെ പ്രതികരണം അറിഞ്ഞ ശേഷം നിയമ നടപടി ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് പിടിഎ കമ്മിറ്റികളുടെ തീരുമാനം. കോടതിയെ സമീപിക്കാനും ഒരു വിഭാഗം സ്കൂളുകള്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള സമരങ്ങള്‍ മൂലം നഷ്ടമായ അധ്യയന ദിനങ്ങളിലെ പാഠഭാഗങ്ങൾ തീര്‍ക്കാന്‍ കുട്ടികള്‍ക്ക് മേല്‍ അധിക ഭാരം ഏല്‍പ്പിക്കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍.