പത്തടിയിലെ മോഷണ പരമ്പര; തിരുവല്ലം ഉണ്ണി പിടിയിൽ
1577699
Monday, July 21, 2025 6:49 AM IST
അഞ്ചൽ : പത്തടിയില്‍ ഒറ്റദിവസം നാലോളം കടകളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം തിരുവല്ലം സ്വദേശി തിരുവല്ലം ഉണ്ണിയാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 12 നായിരുന്നു കവര്‍ച്ച. പച്ചക്കറി, പലചരക്ക്, മീന്‍, വളം ഉള്‍പ്പടെ പത്തടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് മോഷണം നടന്നത്. അന്വേഷണം ആരംഭിച്ച ഏരൂര്‍ പോലീസ് പത്തടി മുതല്‍ കിളിമാനൂര്‍ വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ തിരുവല്ലം ഉണ്ണിയാണെന്ന് സ്ഥിരീകരിക്കുന്നത്. ഇയാളുടെ കാറില്‍ എത്തിയാണ് കവര്‍ച്ച നടത്തിയത്.
ഉണ്ണി തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് മെഡിക്കല്‍ കോളജിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നും പിടികൂടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ഉണ്ണി ആദ്യം കവര്‍ച്ചയ്ക്ക് പിന്നില്‍ താനല്ലെന്നു പറഞ്ഞു തടിതപ്പാനുള്ള ശ്രമം നടത്തി. എന്നാല്‍ പരാതി വിശദമായി പരിശോധിച്ച പോലീസ് നഷ്ടപ്പെട്ട സാധനങ്ങള്‍ക്കൊപ്പം മുണ്ട് ,ഷര്‍ട്ട് എന്നിവയുണ്ടെന്ന് കണ്ടെത്തി. മൊഴിയില്‍ പറഞ്ഞിരുന്ന അതേ മുണ്ടും ഷര്‍ട്ടുമായിരുന്നു പിടിയിലായപ്പോള്‍ ഉണ്ണി ധരിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ ഉണ്ണി കുറ്റം സമ്മതിച്ചു. പത്തടിയില്‍ നിന്നും മോഷ്ടിച്ച ബാഗില്‍ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോ മാറ്റി പകരം തന്റെ ഫോട്ടോ പതിച്ചതും ഉണ്ണിക്ക് വിനയായി. ഇതോടെ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായ മറുപടി നല്‍കുകയായിരുന്നു.
ഇയാളോടൊപ്പം ബന്ധുവും നിരവധി മോഷണ കേസുകളില്‍ പ്രതിയുമായ ആട് സജിയെന്നയാളും മോഷണത്തില്‍ പങ്കാളിയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സജിക്കും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏരൂര്‍ എസ്എച്ച്ഒ പുഷ്പകുമാര്‍, എസ്ഐ ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അനീഷ് കുമാർ, രാഹുൽ, മുഹമ്മദ് അസ്ഹർ , അജീഷ്, അമല്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഏരൂര്‍ കൂടാതെ അഞ്ചലില്‍ നടന്ന കവര്‍ച്ചയ്ക്കും ചടയമംഗലത്ത് നടന്ന കവര്‍ച്ച ശ്രമത്തിനും പിന്നില്‍ ഇയാളാണെന്ന് കണ്ടെത്തിയ പോലീസ് പത്തടിയിലെ കവര്‍ച്ചയ്ക്ക് മുമ്പും ശേഷവും ഇയാളുടെ സാനിധ്യം മലയോരമേഖയില്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട് .