യുവാവും പെൺസുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
1577905
Tuesday, July 22, 2025 2:49 AM IST
കൊല്ലം: നഗരത്തിൽ പോലീസ് നടത്തിയ ലഹരി വേട്ടയിൽ എംഡിഎംഎ യുമായി യുവാവും പെൺസുഹൃത്തും പിടിയിലായി. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തിൽ അച്ചു(30), എറണാകുളം, പച്ചാളം, ഓർക്കിഡ് ഇന്റർനാഷണൽ അപ്പാർട്ട്മെന്റിൽ സിന്ധു(30) എന്നിവരാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിലൂടെ പിടിയിലായത്. ഇവരിൽ നിന്ന് 3.87 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
സ്കൂൾ കോളജ് വിദ്യാർഥികൾക്കുൾപ്പടെ വിതരണം ചെയ്യാനായി എത്തിച്ച മയക്ക് മരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒന്നാം പ്രതിയായ അച്ചുവിന്റെ പക്കൽ നിന്നും 1.985 ഗ്രാമും രണ്ടാം പ്രതിയായ സിന്ധുവിന്റെ പക്കൽ നിന്നും 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു.
ഇതിന് മുമ്പ് 2023-ൽ 88 ഗ്രാമിലധികം എംഡിഎംഎ കടത്താൻ ശ്രമിച്ചതിന് പാലക്കാട് കൊല്ലംകോട് പോലീസും ഇവരെ അറസ്റ്റ് ചെയ്യ്തിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ പോലൂള്ള സിന്തറ്റിക്ക് മയക്ക് മരുന്നുകൾ കടത്തിക്കൊണ്ട് വന്ന് സ്കൂൾ, കോളജ് വിദ്യാർഥികൾക്കുൾപ്പടെ വിതരണം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കി വരികയായിരുന്നു പ്രതികൾ.
കൊല്ലം സിറ്റി പോലീസ് ജില്ലയെ ലഹരി സംഘങ്ങളുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ‘മുക്ത്യോദയം' എന്ന ലഹരി വിരുദ്ധ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം ലഹരി സംഘങ്ങൾക്കായുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
ജൂലൈ മാസം മാത്രം ഇതുവരെ 56 കേസുകളിലായി 58 പേരെയാണ് എംഡിഎംഎ ഉൾപ്പടെയുള്ള മയക്ക് മരുന്നുമായി കൊല്ലം സിറ്റി പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 115.789 ഗ്രാം എംഡിഎംഎ യും 20.72 കിലോ കഞ്ചാവും, 28.38 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവും, 1.11 ഗ്രാം നൈട്രോസൻ ഗുളികകളും പോലീസ് പിടിച്ചെടുത്തു.
കൊല്ലം എസിപി ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സവിരാജൻ, ഷൈജു, അശോകൻ, സിപിഒ മാരായ അനീഷ്, രാഹുൽ, ആദർശ്, വനിതാ സിപിഒ രാജി എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.