വാക്കുപാലിച്ച് ഏരൂര്‍ പഞ്ചായത്ത് : തൃക്കോയിക്കല്‍ പാണയം പാതയിലെ കാട് നീക്കി
1577676
Monday, July 21, 2025 6:26 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിൽ 15,16,17 വാര്‍ഡുകളായ ആലഞ്ചേരി, തൃക്കോയിക്കല്‍, പാണയം വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ പാതയിലേക്ക് വളര്‍ന്നിറങ്ങിയ കാടുകള്‍ നീക്കം ചെയ്യുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് ഏരൂര്‍ പഞ്ചായത്ത്.
ആലഞ്ചേരി, തൃക്കോയിക്കല്‍, പാണയം വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ പാതയിലേക്ക് വളര്‍ന്നിറങ്ങിയ കാടുകള്‍ നീക്കം ചെയ്യുകയും ഇവിടെ കോണ്‍ക്രീറ്റ് പാതയോട് ചേര്‍ന്ന് ഐറിഷ് വര്‍ക്ക് ചെയ്തു നല്‍കുമെന്നും പഞ്ചായത്ത് നൽകിയിരുന്ന വാക്കാണ് പാലിച്ചത്.
പ്രദേശത്ത് രണ്ടുപേര്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് നാട്ടുകാര്‍ക്ക് ഇത്തരത്തില്‍ ഒരു വാക്ക് നല്‍കിയത്. 4.20 ലക്ഷം രൂപ വിനിയോഗിച്ചു ആദ്യഘട്ടത്തിലെ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുകയും ടെണ്ടര്‍ സ്വീകരിച്ചു പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നിന്നുമാണ് വലിയ രീതിയില്‍ കാടുകള്‍ പാതയിലേക്ക് വളര്‍ന്നിറങ്ങി കിടക്കുന്നത്.
വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചവർക്ക് ഉള്ള മറുപടി കൂടിയാണ് ഇപ്പോള്‍ സംരക്ഷണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, വൈസ് പ്രസിഡന്റ് വി. രാജി എന്നിവര്‍ പറഞ്ഞു. ഇരുവരും നേരിട്ടെത്തി പ്രവര്‍ത്തികള്‍ വിലയിരുത്തി.