കൊല്ലംകാരുടെ സ്വന്തം വി.എസ്
1577901
Tuesday, July 22, 2025 2:49 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: പുന്നപ്ര-വയലാർ സമരനായകനെന്ന് വിശേഷണമെങ്കിലും കൊല്ലത്തിന്റെ പോർമുഖങ്ങളിൽ എന്നും അണികൾക്ക് ആവേശമായിരുന്നു വി.എസ്. ആലപ്പുഴ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പ്രധാന തട്ടകം സമീപ ജില്ലയായ കൊല്ലമായിരുന്നു. സമരരംഗത്ത് ആയാലും ഭരണ രംഗത്ത് ആണെങ്കിലും വി.എസിന് എന്നും കൊല്ലംകാരുടെ ഹൃദയത്തിലായിരുന്നു സ്ഥാനം. കൊല്ലത്തോട് അതുപോലെ തന്നെ അച്യുതാനന്ദനും അമിതമായ മമത കാത്തുസൂക്ഷിച്ചിരുന്നു.
ഈ സ്നേഹ വാത്സല്യങ്ങൾക്ക് അപ്പുറം കൊല്ലത്ത് സിപിഎമ്മിന്റെ ശാക്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിലും വി.എസ് വഹിച്ച പങ്ക് ഏറെ നിർണായകമാണ്. അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്താണ് ജില്ലയിൽ സിപിഎമ്മിന്റെ സ്വാധീനം ഗണ്യമായി വർധിച്ചത്.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായ വി .എസ് .അച്യുതാനന്ദന്റെ വിപ്ലവ സ്മരണകൾ കൊല്ലത്തിന്റെ മനസിൽ എക്കാലവും ജ്വലിക്കുന്ന ഓർമയായി നിൽക്കും.
പാർട്ടിയുടെ അമരക്കാരൻ, കരുത്തനായ പ്രതിപക്ഷ നേതാവ്, ജനസ്വാധീനമുള്ള മുഖ്യമന്ത്രി എന്നിങ്ങനെ വി.എസിന്റെ വിവിധങ്ങളായ ഇടപെടലുകൾ നിരവധി ഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞവരാണ് കൊല്ലം ജനത. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ അനവധിയുണ്ട്.
കൊല്ലം തുറമുഖത്തെ ഇപ്പോഴത്തെ നിലയിൽ വികസിപ്പിക്കുന്നതിൽ അതിശക്തമായ അടിത്തറയിട്ടത് വി.എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച് തുറമുഖം 2010ൽ നാടിന്് സമർപ്പിച്ചതും വി.എസ് ആണ്. അന്ന് കൊല്ലത്തിന്റെ എംഎൽഎ പി .കെ .ഗുരുദാസൻ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലത്തിന്റെ പേരിൽ ഐടി പാർക്ക് പിറവിയെടുത്തതും വി.എസ് മുഖ്യമന്ത്രി ആയിരിക്കെയാണ്.
അന്ന് കുണ്ടറ എംഎൽഎ ആയിരുന്ന വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി -മുൻകൈയെടുത്ത് സ്ഥാപിച്ച പാർക്ക് ഉദ്ഘാടനം ചെയ്തതും വി.എസ് .തന്നെ. ശാസ്താംകോട്ട താലൂക്ക് ആശുപത്രി ബഹുനില മന്ദിരം ഉൾപ്പെടെ നിരവധി സർക്കാർ ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാനവികസനം സാധ്യമായതും വി.എസ് സർക്കാരി ന്റെകാലത്താണ്.
പ്രതിപക്ഷ നേതാവ് ആയിരിക്കെ വി .എസ്. അച്യുതാനന്ദൻ ജില്ലയിൽ നിരവധി ജനകീയ വിഷയങ്ങളിൽ നേരിട്ടു തന്നെ ഇടപ്പെടുകയുണ്ടായി. 2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളായ വാലന്റൈൻ ജലസ്റ്റിൻ, അനീഷ് പിങ്കർ എന്നിവരെ കടലിൽ വെടിവച്ചുകൊന്നപ്പോൾ കൊല്ലത്തും സംസ്ഥാനത്ത് ഒട്ടാകെയും വലിയ പ്രതിഷേധം ഉയർത്തികൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.എസിനായി. അന്ന് കൊല്ലം ചിന്നക്കടയിലെ പ്രസ് ക്ലബ് മൈതാനിയിൽ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തത് അദ്ദേഹമായിരുന്നു. ആയിരങ്ങളാണ് അന്ന് അവിടെ വി.എസിനെ ശ്രവിക്കാൻ തടിച്ചു കൂടിയത്. പിന്നീട് എല്ലാ രാഷ്ട്രീയ കക്ഷികളും അണിചേർന്ന മനുഷ്യചങ്ങലയിലും വി.എസ് കൊല്ലത്ത് കണ്ണിയായി. നാടിന്റെചെറുതും വലുതുമായ സ്പന്ദനങ്ങളിലെല്ലാം അദ്ദേഹം സജീവ പങ്കാളിയായി.
കൊല്ലം കേന്ദ്രീകരിച്ച് നടന്ന ഐതിഹാസികമായ പല പ്രക്ഷോഭങ്ങൾക്കും കരുത്തുപകരാനും ചാലക ശക്തിയാകാനും വി.എസിന്കഴിഞ്ഞു. 1986ലെ കശുവണ്ടിത്തൊഴിലാളികളുടെ ഡിഎ സമരം, സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കേ വി .എസിന്റെ നിർദേശപ്രകാരമാണ് കൊല്ലത്തെ പാർട്ടി നേതൃത്വവും കാഷ്യൂ വർക്കേഴ്സ് സെന്ററും ( സിഐറ്റിയു) ഏറ്റെടുത്തത്. കശുവണ്ടി മുതലാളിമാർ ഡിഎ പുതുക്കി നിശ്ചയിക്കുന്നതുവരെ സമരം തുടർന്നു.
ഈ സമരം വിജയിച്ചതിന്റെ ഫുൾ ക്രെഡിറ്റും അച്യുതാനന്ദന് സ്വന്തമാണ്. കോൺട്രാക്ടർമാരുടെ ചൂഷണത്തിനെതിരെ പത്തനാപുരത്തെ സംസ്ഥാന ഫാമിംഗ് കോർപറേഷൻ ഭൂമിയിൽ 1974-ൽ നവംബറിൽ നടന്ന കരിമ്പുസമരം ഉദ്ഘാടനംചെയ്തതും വി.എസ് ആണ്. 54 കുടുംബങ്ങളെ തെന്മല ഡാമിന് സമീപത്തുനിന്നും കുടിയൊഴിപ്പിക്കാനുള്ള ജലസേചന മന്ത്രി എം .പി .ഗംഗാധരന്റെ തീരുമാനത്തിനെതിരെ 1982-ൽ നടന്ന സമരത്തിലും വി.എസ് ആയിരുന്നു കരുത്ത് പകർന്നത്.
വർഷങ്ങൾക്ക് മുമ്പ് ശൂരനാട് കോയിക്കൽ ചന്തയിൽ നടന്ന ഭൂമിസമരം ഒത്തുതീർപ്പായതും വി.എസിന്റെഇടപെടലിനെ തുടർന്നാണ്.സമീപകാലം വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജില്ലയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുസമ്മേളനങ്ങളിലെ ക്രൗഡ് പുള്ളർ ആയിരുന്നു വി.എസ് എന്ന രണ്ടക്ഷരം.
ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ വേറിട്ട പ്രസംഗങ്ങൾ കേൾക്കാൻ കൊല്ലത്തുകാർ എന്നും ഏത് സമയത്തും കാത്തു നിൽക്കുമായിരുന്നു.
സിപിഎമ്മിൽ വിഭാഗീയത അതിരൂക്ഷമായവേളയിലും കൊല്ലത്തെ പ്രമുഖരായ പാർട്ടി നേതാക്കളും അണികളും വി.എസിന് പിന്നിൽ ഉരുക്കുകോട്ട പോലെ ഉറച്ചുനിന്നതും അദ്ദേഹത്തിലെ നേതൃപാടവത്തിന്റെ നേർസാക്ഷ്യമാണ്. അത്രയ്ക്ക് കരുത്തനായിരുന്നു കൊല്ലത്ത് വി.എസ്.