അദാലത്തിൽ ഉത്തരവുണ്ടായിട്ടും ഭൂമിയുടെ വില നൽകുന്നില്ലെന്ന്
1335161
Tuesday, September 12, 2023 10:53 PM IST
മങ്കൊമ്പ്: പാലം നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയതിനുള്ള നഷ്ടപരിഹാരം നൽകണമെന്ന് അദാലത്തിൽ മന്ത്രിയുടെ തീർപ്പുണ്ടായിട്ടും നടപടിയില്ലെന്നു പരാതി. കാവാലം തട്ടാശേരിപാലം നിർമാണത്തിനായി സ്ഥലം വിട്ടുനൽകേണ്ട നവധാര യുവവേദി സാംസ്കാരിക നിലയത്തിനാണ് ഇനിയും നീതി ലഭിക്കാത്തത്.
സ്ഥലം വിട്ടുകൊടുക്കുന്നതിലേക്കായി ഭൂമിയുടെ കൈവശമുള്ള രേഖകൾ സമർപ്പിച്ചിട്ടും നഷ്ടപരിഹാരത്തുക കിട്ടാതെ വന്നതോടെയാണ് ക്ലബ് പ്രസിഡന്റ് ജോസഫ് ജോസഫ് പൊതുജന പരാതി പരിഹാര അദാലത്തിൽ പരാതി നൽകിയത്. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ നടപടി വേണമെന്ന് മന്ത്രി പി. പ്രസാദ് ഉത്തരവിട്ടിരുന്നു. ഇതെത്തുടർന്ന് കുട്ടനാട് തഹസിൽദാർ ചേർത്തല കിഫ്ബി തഹസിൽദാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മുന്നാധാരം നൽകാതെ പണം നൽകില്ലെന്ന പഴയ നിലപാടികൾ കിഫ്ബി അധികൃതർ ഉറച്ചുനിൽക്കുകയാണെന്നാണ് ക്ലബ് അധികൃതർ പറയുന്നത്.
22 വർഷങ്ങൾക്കു മുൻപ് ആര്യാട് സ്വദേശിയാണ് സാംസ്കാരിക നിലയത്തിനുള്ള സ്ഥലം നൽകിയത്. വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ ഇദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാംതന്നെ വിദേശത്തായതിനാൽ മുന്നാധാരം നൽകാൻ കഴിയില്ല. 2003 ലെ പോക്കുവരവിലൂടെ സ്ഥലം തണ്ടപ്പേരിലേക്കു ചേർത്തിട്ടുള്ളതുമാണ്. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഈ ഭൂമിയിൽ കെട്ടിടം നിർമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു വില്ലേജ് ഓഫീസിൽനിന്നുലഭിച്ച രേഖകളും വിവരങ്ങളും ഉൾപ്പെടുത്തിയാണ് അദാലത്തിൽ പരാതി നൽകിയിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ ഉത്തരവ്.