കുലയല്ല, ഇലയാണ് അനിലിനു കാര്യം
1338057
Sunday, September 24, 2023 11:59 PM IST
ജിബിന്‍ കുര്യന്
കോട്ടയം: മൂന്നുകൂട്ടം ഒഴിച്ചുകൂട്ടാന്‍ ഊഴംവച്ചു വന്നതിനുശേഷം പായസംവരും. പഴവും പപ്പടവും കൂട്ടിക്കുഴച്ച് വടിച്ചൊരു പിടിത്തം പിടിക്കണമെങ്കില്‍ വാഴയിലതന്നെ വേണം. എന്നാലേ മലയാളിക്ക് സദ്യ പൂര്‍ണമാകൂ.
കോട്ടയത്ത് ഇല തേടിച്ചെല്ലുന്നവര്‍ എത്തിനില്‍ക്കുക അനില്‍ കുമാറിലാണ്. പനച്ചിക്കാട് കുഴിമറ്റം അജിത് ഭവനില്‍ ബി. അനില്‍കുമാര്‍ കഴിഞ്ഞ 32 വര്‍ഷമായി വാഴകൃഷിയിലാണ്. കൃഷിയില്‍ കുലയിലല്ല ഇലയാണ് അനിലിന് കാര്യം. ഇലയാണ് വരുമാനമെന്നും അനില്‍ പറയുന്നു.
ആഴ്ചയില്‍ കാല്‍ലക്ഷത്തിനു മുകളില്‍ ഇലയാണ് ഇദ്ദേഹം വിപണിയിലെത്തിക്കുന്നത്. കോട്ടയത്തെയും പരിസരപ്രദേശതത്തെയും കേറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാവശ്യമായ സദ്യ ഇലകള്‍ അനില്‍കുമാറിന്റെ വാഴത്തോട്ടത്തില്‍നിന്നാണ്.
മൂന്നരയേക്കറിൽ കൃഷി
പനച്ചിക്കാടിനു സമീപം പന്നിമറ്റത്ത് പാട്ടത്തിനെടുത്ത മൂന്നരയേക്കര് സ്ഥലത്താണ് അനില്‍കുമാറിന്റെ വാഴത്തോട്ടം. ഇവിടെ 4,500 ഞാലിപ്പൂവന് വാഴത്തൈകളാണ് ആദ്യം നട്ടത്. ഇപ്പോള്‍ ഇരുപതിനായിരത്തിനു മുകളില്‍ വാഴകളുണ്ട്.
ഒരു വാഴച്ചുവട്ടില്‍ മൂന്നു മുതല്‍ അഞ്ചുവരെ വാഴക്കന്നുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വാഴയിലയ്ക്കൊപ്പം വാഴക്കുലകളും ആദായകരമാണ്. എല്ലാ ദിവസവും ഇലവെട്ടും. കുലവെട്ടി കഴിഞ്ഞാല്‍ വാഴച്ചുവട്ടിലുള്ള തൈകള്‍ പിഴുതു മാറ്റാറില്ല. ദിവസവും അതിരാവിലെ തോട്ടത്തിലെത്തുന്ന അനില്‍കുമാര്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള ഇലകള്‍ വെട്ടിയെടുക്കും. തുടര്‍ന്ന് ഹോട്ടലുകളിലും കേറ്ററിംഗ് സ്ഥാപനങ്ങലിലും യഥാസമയം ഇലയെത്തിക്കും.
ലക്ഷങ്ങളുടെ കച്ചവടം
ഒരു ഇലയ്ക്ക് നാലു രൂപയാണ് ലഭിക്കുന്നത്. ഈ ഓണക്കാലത്ത് ഒരു ലക്ഷത്തിനു മുകളില്‍ തൂശനിലകളാണ് വെട്ടിയത്. ഓണം ഉള്‍പ്പെടെയുള്ള വിശേഷ അവസരങ്ങളില്‍ ഇലയുടെ വില ഉയരും.
ചിലയവസരങ്ങളില്‍ 10-12 രൂപ വരെയെത്തിയിട്ടുണ്ട്. ഓണക്കാലത്ത് ഗള്‍ഫ് നാടുകളിലേക്ക് സദ്യക്കൊപ്പം അനില്‍കുമാറിന്റെ വാഴയിലയും കയറിപ്പോയിട്ടുണ്ട്. നാടന്‍ ഫ്രഷ് ഇലയ്ക്കാണ് എപ്പോഴും ഡിമാൻഡ്. ഞാലിപ്പൂവന്റെ ഇലയോടാണ് എല്ലാവര്ക്കും പ്രിയം. അതും നേര്‍ത്ത തളിരില. തുശനില രീതിയില്‍ വെട്ടി തുടച്ചു വൃത്തിയാക്കി 100 എണ്ണത്തിന്റെ കെട്ടുകളാക്കിയാണ് വില്‍പ്പന.
ജൈവവള പ്രയോഗം
വാഴക്കന്ന് വാങ്ങി കുഴിയെടുത്ത് ചാണകവും ചാരവും അടിവളമിട്ടാണ് നടുന്നത്. മൂന്നാഴ്ച കഴിഞ്ഞ് ഇല വിരിഞ്ഞുതുടങ്ങുന്നതോടെ നന്നായൊരു വളപ്രയോഗം നടത്തും. വേപ്പിന് പിണ്ണാക്കും എല്ലുപൊടിയും ചാരവും ചാണകവും കോഴിക്കാഷ്ഠവും ചേരുന്ന മിശ്രിതം കുഴിയൊന്നിന് ഒരു കുട്ട നല്‍കും. ഒന്നര മാസമെത്തുന്നതോടെ ഇലവെട്ടല്‍ തുടങ്ങും. ഒരില വെട്ടി അഞ്ചുദിവസം കഴിയുമ്പോള്‍ അടുത്ത ഇല വിരിഞ്ഞ് വെട്ടാറാകും.
10 മാസമാകുമ്പോള്‍ വാഴ കുലയ്ക്കും. ഇതോടെ ഇലവെട്ടല്‍ നിര്‍ത്തും. അപ്പോഴേക്കും ചുവട്ടില്‍നിന്നും മുളച്ചുപൊങ്ങിയ പുതിയ തൈകളില്‍നിന്ന് ഇലവെട്ടാന്‍ തുടങ്ങും.
കുലയും വരുമാനം
ഇലവെട്ടുന്നതിനാല് കുല ചെറുതായിരിക്കുമെങ്കിലും കുലയും ചെറുതല്ലാത്ത വരുമാനം തരുന്നുണ്ട്. വാഴയ്ക്കു കരുത്തും ഇലകള്‍ക്ക് തിളക്കവും കൂട്ടാന്‍ മൂന്നു മാസം കൂടുമ്പോള്‍ ജൈവവളം നല്‍കും. 12-ാം വയസില്‍ അച്ഛനോടൊപ്പം കൃഷിയിലേക്ക് ഇറങ്ങിയ അനില്‍കുമാര്‍ ഇന്ന് ജില്ലയിലെ മികച്ച കര്‍ഷകനെന്ന പെരുമയും നേടിയിരിക്കുകാണ്. പച്ചക്കറി കൃഷിയും നടത്തിവരുന്ന അനില്‍കുമാറിന് സ്വന്തമായി കേറ്ററിംഗ് ബിസിനസുമുണ്ട്. പനച്ചിക്കാട് പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്കാരം പല തവണ അനില്‍കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ജയശ്രീയും മക്കളായ അജിത്കുമാറും അപര്‍ണയും കൃഷിയില്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്.