ശബരിമല അരവണനിര്‍മാണം ; വനം വികസന കോര്പറേഷന് ഏലക്ക നൽകും
1396507
Thursday, February 29, 2024 11:59 PM IST
കോട്ടയം: ശബരിമലയിലേക്ക് അരവണ നിര്‍മാണത്തിനാവശ്യമായ ഏലയ്ക്ക നല്‍കാനുള്ള തയാറെടുപ്പില്‍ വനം വികസന കോര്പറേഷന്. കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്ത ഏലയ്ക്കയാണ് ഇതിനായി ഉപയോഗിക്കുകയെന്നും ഇതു സംബന്ധിച്ചു ചർച്ച നടക്കുകയാണെന്നും കോര്പറേഷന് ചെയര്മാന് ലതിക സുഭാഷ് കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. 12,000 കിലോ ഏലയ്ക്കയാണ് ശബരിമലയിലേക്ക് ആവശ്യം. നിലവില്‍ 6000 കിലോ വരെ നല്കാന് കഴിയുന്ന സ്ഥിതിയാണു കോര്പറേഷനുള്ളതെന്നും അവർ ചൂണ്ടികാട്ടി.
കൃഷി വ്യാപിപ്പിച്ചും ഉത്പാദനം കൂട്ടിയും ആവശ്യത്തിന് ഏലയ്ക്ക നല്കാന് കഴിയുമെന്നാണു പ്രതീക്ഷ. കോര്‍പറേഷന്റെ ഉടമസ്ഥയില്‍ നാഗമ്പടത്ത് എംസി റോഡരികിലുള്ള സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ആര്‍ട്ട് ഗാലറി നിര്‍മിക്കും. ഇവിടെ വനവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫര്‍മാര്‍ പകര്‍ത്തുന്ന ചിത്രങ്ങളും ചിത്രകാരന്മാരുടെ പെയിന്റിംഗുകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വില്‍പ്പനയും സാധ്യമാക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഗവി ഇക്കോ ടൂറിസം സെന്ററില്‍ മൂന്നു പുതിയ ലോഗ് ഹൗസുകളുടെയും ടെന്റുകളുടെയും നിര്‍മാണവും പഴയ അതിഥി മന്ദിരങ്ങളുടെ നവീകരണവും പൂര്‍ത്തിയായി. ഇതോടെ 58 പേര്‍ക്കുള്ള താമസ സൗകര്യമാണൊരുങ്ങിയിരിക്കുന്നതെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെഎഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്, ഡയറക്ടര്‍മാരായ കെ.എസ്. ജ്യോതി, പി.ആര്.ഗോപിനാഥ്, അബ്ദുല്‍ റസാഖ് എന്നിവരും പങ്കെടുത്തു.