മരങ്ങാട്ടുപിള്ളിയിൽ മൂന്ന് റോഡുകളിൽ സുഖയാത്ര
1396711
Friday, March 1, 2024 11:19 PM IST
മരങ്ങാട്ടുപിള്ളി: തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 11 ലക്ഷം രൂപ പ്രയോജനപ്പെടുത്തി പഞ്ചായത്തിലെ മൂന്ന് റോഡുകൾ വികസനം നടത്തി നാടിന് സമർപ്പിച്ചു. റോഡുകളുടെ ഉദ്ഘാടനത്തെ ഗുണഭോക്താക്കളും നാട്ടുകാരും ചേർന്ന് വലിയ ആഘോഷമാക്കി മാറ്റി.
പഞ്ചായത്ത് ഏഴാം വാർഡിലെ മരങ്ങാട്ടുപിള്ളി ഗന്ധർവസ്വാമി ക്ഷേത്രം-പാളയം പള്ളി റോഡ് (അഞ്ച് ലക്ഷം), പഞ്ചായത്ത് രണ്ടാംവാർഡിൽ കുര്യനാട് ഈസ്റ്റ് -മാണിയാക്കുപാറ റോഡ് (മൂന്നു ലക്ഷം)നാലാം വാർഡിൽ മരങ്ങാട്ടുപിള്ളി നൂറമാക്കീൽ-ആട്ടുകുന്നേൽ (മൂന്നു ലക്ഷം) റോഡുകളിലാണ് വികസനം യാഥാർഥ്യമാക്കിയത്.
കരൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകൾക്ക് നേട്ടം ലഭിക്കുന്ന കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട്-പാറമട-നടുവിൽമാവ് റോഡിന്റെ വികസനത്തിന് പിഎംജിഎസ്വൈ പദ്ധതിയിൽ എംപി അനുവദിച്ച 4.88 കോടി രൂപ വിനിയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കുര്യനാട് ജംഗ്ഷനിൽ എംസി റോഡിൽ 5.3 ലക്ഷം രൂപ വിനിയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണവും പൂർത്തീകരിച്ചു.
ഒൻപതാം വാർഡിൽ തുറവയ്ക്കൽ-ചെമ്പനാനി, ആലയ്ക്കാപ്പള്ളി-മൈലന്തറ റോഡിലും എട്ടാം വാർഡിൽ മരങ്ങാട്ടുപിള്ളി മൃഗാശുപത്രി-മൈലന്തറ റോഡിലും തെരുവുവിളക്ക് സ്ഥാപിക്കുന്നതിനായി അനുവദിച്ച 13 ലക്ഷത്തോളം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.
ഉദ്ഘാടന സമ്മേളനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ രാജു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ പുളിക്കീൽ, സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, ബിജോ തറപ്പിൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.