തോമസ് ചാഴികാടൻ വികസനരേഖ പുറത്തിറക്കി
1397016
Sunday, March 3, 2024 5:02 AM IST
കോട്ടയം: തോമസ് ചാഴികാടന് എംപി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ വിവരണവുമായി വികസനരേഖ പുറത്തിറക്കി.
കോട്ടയം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥികൂടിയായ തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വികസനരേഖ അവതരിപ്പിച്ചത്. റെയില്‍പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, റോഡ്, ഭിന്നശേഷിസഹായം, കുടിവെള്ളം, ആശുപത്രികള്‍ എന്നീ മേഖലകളിലെല്ലാം വികസനം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുണ്ടായതായി ചാഴികാടൻ പറഞ്ഞു.
കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. എന്‍. വാസവന് സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനുവിന് നല്കി വികസനരേഖ പ്രകാശനം ചെയ്തു. എംപി എന്ന നിലയില്‍ തോമസ് ചാഴികാടന്റെ പ്രവര്‍ത്തനങ്ങള്‍ എ പ്ലസില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി വാസവന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. മുന്‍വര്‍ഷങ്ങളില്‍ തുടങ്ങിവച്ച പദ്ധതികളും പുതിയ പദ്ധതികളും കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ ചാഴികാടന് കഴിഞ്ഞെന്ന് ജോസ് കെ. മാണി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു എന്നിവരുംപ്രസംഗിച്ചു.