ഇത് കാഞ്ഞിരപ്പള്ളിയിലെ ‘എസി’ റോഡ്
1415806
Thursday, April 11, 2024 10:57 PM IST
ജോജി പേഴത്തുവയലില്‍
കാഞ്ഞിരപ്പള്ളി: ആലപ്പുഴ- ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു എസി റോഡ്. കടുത്ത വേനല്‍ച്ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ ആശ്വാസത്തിന്റെ തണലും കുളിര്‍മയും നല്‍കുകയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം - ടിബി റോഡ് എന്ന എസി റോഡ്. എസിയിലിരിക്കുന്ന അനുഭൂതിയാണ് ഈ വഴി കടന്നു പോകുമ്പോള്‍.
കുന്നുംഭാഗം മുതല്‍ മണ്ണാറക്കയം വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമായി നില്ക്കുന്ന തണല്‍മരങ്ങളാണ് റോഡിനെ എസി റോഡാക്കി മാറ്റുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൈകള്‍ നടുകയും അതിനെ പരിപാലിക്കുകയും ചെയ്ത കരിപ്പാപ്പറമ്പില്‍ ഡൊമിനിക് ഏബ്രഹാം എന്ന ഇങ്കാച്ചനാണ് ഈ തണലിടത്തിന്റെ അവകാശി. 1980കളുടെ പകുതിയോടെയാണ് മരത്തൈകള്‍ നട്ടത്. വാക, മരുത്, അക്വേഷ്യ, പ്രത്യേക ഇനം കൊന്ന എന്നിവയാണ് നട്ടുപിടിപ്പിച്ചത്.
നാടിനു തണല്‍ ഒരുക്കുന്ന നല്ല ശീലത്തിന്റെ ശേഷിപ്പുകളാണ് ഓരോ തണല്‍മരങ്ങളും. വേനല്‍ക്കാലത്തെ കടുത്ത ചൂടിന് മാത്രമല്ല, മഴക്കാലത്തും ആളുകള്‍ക്ക് കുടപോലെ ആശ്വാസമായി നില്ക്കുന്ന മരങ്ങളാണിവ. വാഹനം നിര്‍ത്തി അല്‍പ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ആളുകള്‍ ഈ റോഡ് തെരഞ്ഞെടുക്കുന്നു.
വേനലില്‍ ആശ്വാസം നല്കുന്നതിനൊപ്പമാണ് മനോഹര കാഴ്ചയും ഈ തണല്‍ മരങ്ങള്‍ ഒരുക്കുന്നത്. പല നിറങ്ങളില്‍ പൂവിട്ടു നില്ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് കണ്ണിനും മനസിനും ഒരുപോലെ കുളിരേകുന്നു. പിങ്ക്, വയലറ്റ്, മഞ്ഞ നിറങ്ങളില്‍ പൂക്കളുള്ള മരങ്ങളാണ് ഏറെയും. പച്ചപ്പ് വിരിച്ച ഈ പാതയോരങ്ങളില്‍ പലപ്പോഴും കല്യാണ ഫോട്ടോ ഷൂട്ടുകളും സൗഹൃദങ്ങളുടെ സെല്‍ഫികളും വിരിയാറുണ്ട്.