വേമ്പനാട്ടുകായലിലെയും മൂവാറ്റുപുഴയാറിലെയും പ്ലാസ്റ്റിക് മാലിന്യം നീക്കി വൈക്കം ചങ്ങാതിക്കൂട്ടം
1416009
Friday, April 12, 2024 6:59 AM IST
വൈക്കം: വേമ്പനാട്ടുകായലിലെയും മുവാറ്റുപുഴയാറിലെയും പ്ലാസ്റ്റിക് മാലിന്യം വള്ളത്തിൽ ശേഖരിച്ച് ആരോഗ്യ പ്രവർത്തകർ. വൈക്കം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും ആശുപത്രിയിൽനിന്നു വിരമിച്ചവരുടെയും സംഘടനയായ വൈക്കം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് വേമ്പനാട്ടുകായലിലെയും മൂവാറ്റുപുഴയാറിന്റെയും വൈക്കം പരിധിയിൽനിന്ന് പ്ലാസ്റ്റിക് ശേഖരിച്ചത്.
വേമ്പനാട്ടുകായലിലെ വൈക്കം ബോട്ടുജെട്ടി പരിസരത്തുനിന്നാണ് ചങ്ങാതിക്കൂട്ടം പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തുടക്കംകുറിച്ചത്. മാലിന്യമുക്ത നവകേരളം കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ ശങ്കർ മാലിന്യ ശേഖരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വേമ്പനാട്ടുകായലിന്റെ ഇരുകരകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതായി ചങ്ങാതിക്കൂട്ടം അംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക് കൂടുകളിൽ മാലിന്യം നിറച്ച് കായലിൽ വിവിധ ഭാഗങ്ങളിൽ തള്ളിയിരിക്കുകയാണ്. ചെറിയ ദൂരം പിന്നിട്ടപ്പോൾ തന്നെ ആറു ചാക്കോളം പ്ലാസ്റ്റിക് കുപ്പികൾ വേമ്പനാട്ടുകായലിൽനിന്നു ലഭിച്ചു. തെർമോക്കോളിന്റെ വൻശേഖരമാണ് കായലോരത്ത് അടിഞ്ഞിട്ടുള്ളത്. സംസ്കരിക്കാൻ മാർഗമില്ലാത്തതിനാൽ തെർമോക്കോൾ ഇവർ ശേഖരിച്ചില്ല.
മൂവാറ്റുപുഴയിൽ പല ഘട്ടങ്ങളിലായി വ്യക്തികളും സംഘടനകളും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതിനാൽ പുഴയിൽ പ്ലാസ്റ്റിക് മാലിന്യം കുറവായിരുന്നു. പുഴയിലെ വളവുകളിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം വള്ളം നിർത്തി ചങ്ങാതിക്കൂട്ടം ശേഖരിച്ചു.
ഉദയനാപുരം, ചെമ്പ്, തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, വൈക്കം നഗരസഭ പരിധിയിലുള്ള വേമ്പനാട്ടുകായലിലും മുവാറ്റുപുഴയാറിലുമാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തിയത്. നീണ്ട മരക്കമ്പിൽ വല ഘടിപ്പിച്ചാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചു വള്ളത്തിലേറ്റിയത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറും.
എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ചങ്ങാതിക്കൂട്ടം അംഗങ്ങൾ വൈക്കം ഫയർ ഫോഴ്സ് നൽകിയ ലൈഫ് ജാക്കറ്റ് ധരിച്ചാണ് പോയത്. പുഴ, കായൽ മലിനീകരണം രൂക്ഷമായതോടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയും മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുകയും ചെയ്ത സാഹചര്യത്തിൽ ജലാശയങ്ങളുടെ സജീവത്വം വീണ്ടെടുക്കുന്നതിന് മുന്നിട്ടിറങ്ങി മറ്റുള്ളവർക്ക് പ്രചോദനമാകാനാണ് തങ്ങൾ ശ്രമകരമായ ഈ ദൗത്യം കനത്ത ചൂടിനിടയിലും ഏറ്റെടുത്തതെന്ന് ചങ്ങാതിക്കൂട്ടം പ്രസിഡന്റ് വി.കെ. രാജു, സെക്രട്ടറി ഉഷ ജനാർദനൻ, ട്രഷറർ എം. സത്യൻ എന്നിവർ പറഞ്ഞു.
വൈസ് പ്രസിഡന്റ് വി.കെ. രാജി, ജോയിന്റ് സെക്രട്ടറി മധുസൂദനൻ, വി.സി. ജയൻ, കെ.എൻ. ജോസഫ്, കെ.പി. ചന്ദ്രമതി , ഒ.ജി. അശോകൻ, എൻ.എച്ച്. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.