ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പൊൻകുന്നത്ത് ഇന്നും നാളെയും
1436551
Tuesday, July 16, 2024 10:38 PM IST
കാഞ്ഞിരപ്പള്ളി: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് 55-ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയും പൊന്‍കുന്നത്ത് നടക്കും. കാരുണ്യഹസ്തം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീല്‍ചെയറുകള്‍ നല്‍കും. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബിജു മുളകുപാടം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അന്ന ബേബി നയിക്കുന്ന കലാസന്ധ്യ നടക്കും.
18നു രാവിലെ പത്തിന് പൊന്‍കുന്നം ലീലാമഹല്‍ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ഡി. അജീഷ് അധ്യക്ഷത വഹിക്കും. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കലും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി പി.എന്‍. ജയപ്രകാശും വരവുചെലവ് കണക്ക് ജില്ലാ ട്രഷറര്‍ പി.ഡി. മനോജും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്ദംകുളം ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. അഷ്റഫ് അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തിന് അര്‍ഹമായ പദ്ധതി വിഹിതങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും അനുവദിക്കാതെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും ജീവനക്കാരെ ബാധിക്കുന്ന സര്‍വീസിലെ വിവിധ വിഷയങ്ങളും സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്താനാവശ്യമായ വിവിധ നിര്‍ദേശങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനില്‍, ജില്ലാ സെക്രട്ടറി പി.എന്‍. ജയപ്രകാശ്, പ്രസിഡന്റ് എ.ഡി. അജീഷ്, സംസ്ഥാന കമ്മിറ്റിയംഗം എം.ജെ. ബെന്നിമോന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ.എ. നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.