പരിമിതികൾ മറന്ന് കൃത്രിമ അവയവ നിര്‍മാണവുമായി റെനി പോള്‍
1576610
Friday, July 18, 2025 2:59 AM IST
പാലാ: മുട്ടിനു താഴെ മുറിച്ച ഇടതുകാലിന്റെ വേദന ശരീരത്തിലും മനസിലും നിറഞ്ഞപ്പോള്‍ കൈകാലുകള്‍ നഷ്ടപ്പെടുന്നവരെ ഏതുവിധേനയും സഹായിക്കുക എന്നത് വിമുക്ത ഭടനായ റെനി പോളിന്റെ ജീവിതാഭിലാഷമായി. പാലാ കെ.എം. മാണി സ്മാരക ഗവണ്മെന്റ് ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്നവര്‍ക്ക് ഓടിനടക്കുന്ന റെനി പോളിനെ കണ്ടാല്‍ അംഗപരിമിതനാണെന്ന് തോന്നുകയേയില്ല.
എന്നാല്‍, മുട്ടിനു താഴെ മുറിച്ച ഇടതുകാലിനു പകരം സ്വന്തമായി കൃത്രിമ കാലുണ്ടാക്കി ധരിച്ച് നടക്കുന്നയാളാണ് ഇദ്ദേഹം. മകന് എല്‍ദോ റെനി എയ്ഞ്ചലും കൃത്രിമ അവയവ നിര്‍മാണ മേഖലയില്‍ എന്‍ജിനിയറിംഗ് പാസായശേഷം അച്ഛനെ സഹായിക്കുകയാണ്. അപകടത്തിലോ അല്ലാതെയോ കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ വേദന നന്നായി അറിയാവുന്ന റെനി പോള്‍ അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയും കൃത്രിമ അവയവ നിര്‍മാണ രംഗത്തേക്ക് കടന്നു വരികയുമായിരുന്നു.
കൂത്താട്ടുകുളം കരിമ്പന വല്യാനപറമ്പില് റെനി പോളിന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലായിരുന്നു ജോലി. 1993ല്‍ ശ്രീനഗറില്‍ മറ്റു സൈനികര്‍ക്കൊപ്പം പതിവു പട്രോളിംഗ് നടത്തവേ മൈന്‍ സ്ഫോടനമുണ്ടായി. റെനിയുടെ ഇടതുകാലിന്റെ മുട്ടിനു താഴെ മുറിഞ്ഞുപോയി.
ആറു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം ജയ്പൂരിലെ കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തില്‍നിന്നാണ് കൃത്രിമ കാലുവച്ചത്. 2000ല്‍ സര്‍വീസില്‍നിന്നു പിരിഞ്ഞു. തുടര്‍ന്ന് ഇങ്ങനെ കൈകാലുകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായുള്ള പി ആൻഡ് ഒ കോഴ്സ് പഠിക്കുകയും 2008ല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കൃത്രിമ അവയവനിര്‍മാണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. വിരമിച്ചശേഷം സ്വന്തമായൊരു കേന്ദ്രം കോട്ടയത്ത് തുടങ്ങി.
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിനായി എത്തിച്ച കാല് കോടിയുടെ ഉപകരണങ്ങള്‍ പൊടിപിടിച്ചു നശിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷാണ് മുന്‍പരിചയമുള്ള റെനി പോളിനെ പാലായിലേക്കു ക്ഷണിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഇവിടെ റെനി പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനോടകം നിരവധി പേര്‍ക്കു കൃത്രിമകൈകാലുകള്‍ നിര്‍മിച്ചു നല്കി. അതോടൊപ്പം പോളിയോ ബാധിതര്‍ക്കും മുട്ടുവേദന, നട്ടെല്ലിന് ക്ഷതമേറ്റവര്‍, കഴുത്തുവേദനക്കാര് എന്നിവര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഇവിടെനിന്നു വിതരണം ചെയ്തു തുടങ്ങി.
അവയവങ്ങള്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം. അതുകൊണ്ടുതന്നെ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കണമെന്നാണ് എനിക്കാഗ്രഹം. 58കാരനായ റെനി പോള്‍ ഇപ്പോള്‍ അതിരമ്പുഴയിലാണ് താമസം. ഷൈജിയാണ് ഭാര്യ. മക്കൾ: എല്‍ദോ, എയ്ഞ്ചല്‍ മേരി റെനി.