നഗരസഭയില്‍ എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്മെന്റ്: പി.സി. ജോര്‍ജ്
1576882
Friday, July 18, 2025 7:06 AM IST
ചങ്ങനാശേരി: നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അന്തര്‍ധാര പ്രവര്‍ത്തനവും അഡ്ജസ്റ്റുമെന്റുകളും നടക്കുന്നുണ്ടെന്നും നഗരസഭയില്‍ അഴിമതി നടത്തുന്നവര്‍ ആരായാലും അവരെ പിടിച്ചിറക്കണമെന്നും ബിജെപി ദേശീയ സമിതി അംഗം പി.സി. ജോര്‍ജ്.
നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ ബിജെപി നഗര കമ്മിറ്റികളുടെ നേതൃത്വത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെടുകാര്യസ്ഥതയ്ക്കും നിസംഗ നിലപാടുകള്‍ക്കുമെതിരേ തുടര്സമരങ്ങളുണ്ടാകണം. യുഡിഎഫില്‍നിന്നു മൂന്നു കൗണ്‍സിലര്‍ കൂറുമാറി എല്‍ഡിഎഫിലേക്കു പോയിട്ട് കോണ്‍ഗ്രസ് എന്താണ് അനങ്ങാതെയിരിക്കുന്നതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
മണ്ഡലം പ്രസിഡന്റ് ഗോപന് മണിമുറി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്, എം.ബി. രാജഗോപാല്‍, പി.എസ്. ശ്രീധരന്, എന്‍.പി. കൃഷ്ണകുമാര്‍, പി.ആര്. വിഷ്ണു ദാസ്, പ്രസന്നകുമാരി, വിജയലക്ഷ്മി കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.