കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് സുധീഷും അമലും
1576616
Friday, July 18, 2025 2:59 AM IST
മുണ്ടക്കയം: സ്വന്തമായി ഒരു സംരംഭമെന്ന ആഗ്രഹം കഠിനാധ്വാനത്തിലൂടെ സാക്ഷാത്കരിച്ചിക്കുകയാണ് രണ്ടു യുവാക്കൾ. വ്യാവസായിക അടിസ്ഥാനത്തിൽ കൂൺകൃഷി ആരംഭിച്ച് മികച്ച വരുമാനം നേടുകയാണിവർ. മുണ്ടക്കയം ചെളിക്കുഴി പൗരസമിതിയിൽ സുഹൃത്തുക്കളായ പുതുപ്പറമ്പിൽ പി.സി. സുധീഷും പൂതക്കുഴിയിൽ അമൽ പി. അനുജനും ചേർന്നാണ് ഫാൻ ആൻഡ് പാഡ് സിസ്റ്റം കൂൺ എന്ന പേരിൽ വ്യത്യസ്തമായ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
അമൽ നോട്ടിക്കൽ സയൻസിലും സുധീഷ് ബിഎ ഇക്കണോമിക്സിലും ഡിഗ്രിയുള്ളവരാണ്. സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് ഇരുവരെയും പുതിയ ആശയത്തിലേക്ക് എത്തിച്ചത്. ആദ്യം കൂൺ കൃഷിയെപ്പറ്റിയും അതിന്റെ വരുമാന സാധ്യതകളെക്കുറിച്ചും വിശദമായ പഠനം നടത്തി. അതോടൊപ്പം മുണ്ടക്കയം പഞ്ചായത്തിന്റെ സംരംഭക ലോണായി നാലുലക്ഷം രൂപയും ഉറപ്പാക്കി. പിന്നീട് മലപ്പുറം സ്വദേശിയായ വ്യക്തിയുടെ കമ്പനിയുമായി ചേർന്ന് കൂൺകൃഷി ആരംഭിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ വീടിന്റെ ടെറസിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന മുറിയിൽ ഇതിനുള്ള സജ്ജീകരണം ഒരുക്കി.
പ്രത്യേകം ഊഷ്മാവ് ക്രമീകരിച്ചിരിക്കുന്ന മുറിയിൽ 200 സ്ക്വയർഫീറ്റിലാണ് ഇപ്പോൾ കൂൺ കൃഷി നടത്തുന്നത്. വിത്ത് പാകി 20 മുതൽ 25 ദിവസത്തിനിടയിൽ വിളവെടുപ്പ് ആരംഭിക്കാം. നാല് മാസം വരെ ഓരോ ബെഡിൽ നിന്നും വിളവ് ലഭിക്കും. ഇത്തരത്തിൽ 900 ബെഡുകളാണ് ഇവർ 200 സ്ക്വയർ ഫീറ്റുള്ള മുറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച വരുമാനം നേടുവാൻ കഴിയുന്നുണ്ടെന്ന് സുധീഷും അമലും പറയുന്നു.
ചിപ്പിക്കൂൺ എന്ന ഇനമാണ് ഇവർ കൃഷി ചെയ്യുന്നത്. ഓരോ ദിവസവും നാലു മുതൽ അഞ്ചു കിലോവരെ കൂൺ ലഭിക്കും. ഓർഡർ അനുസരിച്ച് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിച്ചാണ് വിൽപ്പന നടത്തുന്നത്. കൂടാതെ ഇവരുടെ അടുക്കൽ നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്.
കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കുന്നതിന് ഉത്തമമായ ചിപ്പിക്കൂണിൽ ധാരാളം നാരും അടങ്ങിയിരിക്കുന്നതിനാൽ മാർക്കറ്റിൽ ഇതിന് നല്ല ഡിമാന്ഡാണ്. കൂൺകൃഷിയിൽ അമലിനെയും സുധീഷിനെയും സഹായിക്കാൻ മാതാപിതാക്കളും ഒപ്പമുണ്ട്. തങ്ങളുടെ സംരംഭം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് ഇരുവരുടെയും പരിശ്രമം.