മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ തുണി അലക്കിയിടുന്നത് ശോച്യാവസ്ഥയിലായ കെട്ടിടത്തിനു സമീപം
1576863
Friday, July 18, 2025 6:47 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശോച്യാവസ്ഥയിലെന്നു കണ്ടെത്തിയ കെട്ടിടത്തിനു സമീപം രോഗികളും ബന്ധുക്കളും തുണിയലക്കി ഇടുകയും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നു. മുമ്പ് 12, 13, 15, 17 വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ശോച്യാവസ്ഥയിലെന്നു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഇവിടത്തെ രോഗികളെ പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
കെട്ടിടം അപകടാവസ്ഥയിലാണെന്നും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ആശുപത്രി അധികൃതർ ഇവിടെ നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാൽ വിവിധ വാർഡുകളിലുള്ളവർ തുണിയലക്കി ഇടുന്നതും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്.
ഈ കെട്ടിടത്തിന്റെ കിഴക്കേ ഭാഗമാണ് മൂന്നാഴ്ച മുമ്പ് ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന വീട്ടമ്മ മരിച്ചത്. 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്നത് ഇടിഞ്ഞുവീണ കെട്ടിടത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന രോഗികളെയും സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്താണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന നോട്ടീസ് പതിച്ചിരിക്കുന്നത്. എന്നാൽ, ഇതു ഗൗരവമായെടുക്കാതെയാണ് രോഗികളും ബന്ധുക്കളും ഇവിടെ തുണി അലക്കിയിടുന്നതും ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതും.