ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം: വിവിധ കാരുണ്യപദ്ധതികളുമായി മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്
1576613
Friday, July 18, 2025 2:59 AM IST
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു തിരുവനന്തപുരം ആസ്ഥാനമായ മന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ പരിപാടികള്‍ നടത്തുമെന്ന് മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയം ഉമ്മന്‍. ഇന്നു വൈകുന്നേരം ആറിനു കോട്ടയം മെഡിക്കല്‍ കോളജിലും നാളെ ഉച്ചയ്ക്ക് 12.30ന് കോട്ടയം ജനറല്‍ ആശുപത്രിയിലും സൗജന്യ ഭക്ഷണവിതരണം നടത്തും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നവജീവന്‍ ട്രസ്റ്റ് സന്ദര്‍ശനവും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. 20ന് കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും 26ന് തിരുവനന്തപുരത്ത് സൗജന്യ തയ്യല്‍ മെഷീന് വിതരണവും നടക്കും.
27ന് തിരുവനന്തപുരം ബാലരാമപുരത്ത് ഉമ്മന്‍ചാണ്ടി ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. ഓഗസ്റ്റ് രണ്ടിന് പത്തനംതിട്ടയില്‍ സൗജന്യ വീല്‍ചെയര്‍ വിതരണവും ഉണ്ടായിരിക്കും.
2012ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താത്പര്യ പ്രകാരം തിരുവനന്തപുരത്ത് ആരംഭിക്കുകയും 14 ജില്ലകളിലും വിവിധ സേവന സന്നദ്ധ - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്ന സംഘടനയാണ് മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ ഡോ. മറിയം ഉമ്മനും ചേര്‍ന്ന് ട്രസ്റ്റിന്റെ പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തി ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം എന്ന പേരില്‍ സംസ്ഥാനത്തുടനീളം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നടത്തിവരുന്നത്.
14 ജില്ലകളിലും മെഡിക്കല്‍ ക്യാമ്പ് എന്ന ലക്ഷ്യവുമായിട്ടാണ് മന്ന മുന്നോട്ടുപോകുന്നത്. ഇതിനോടകം ഒമ്പതു ജില്ലകളില്‍ ക്യാമ്പ് നടന്നുകഴിഞ്ഞു. സ്നേഹസ്പര്ശത്തിന് പുറമേ കൈത്താങ്ങ്, കരുതല്‍ എന്നീ പേരുകളില്‍ കൂടിയാണു വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തിവരുന്നത്. പത്രസമ്മേളനത്തില്‍ ഡോ. മറിയം ഉമ്മന്‍, സോബിച്ചന് കണ്ണമ്പള്ളി, അമല്‍ ജി. പോള്‍, റോണി കുരുവിള, ഡാനി രാജു എന്നിവര്‍ പങ്കെടുത്തു.