വിധവകളും രോഗികളുമായ രണ്ട് അമ്മമാരെക്കൂടി ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്
1576877
Friday, July 18, 2025 7:00 AM IST
കടുത്തുരുത്തി: നിര്‍ധനരും ദരിദ്ര വിധവകളുമായ രണ്ടു കിടപ്പുരോഗികളെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്. മറവന്തുരുത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബ്ലാവില്‍ വീട്ടില്‍ താമസിച്ചിരുന്ന കവിത (50), മുളക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചന്ദ്രപ്പുരയ്ക്കല്‍ വീട്ടില്‍ ജന്മനാ അന്ധയും കിടപ്പുരോഗിയുമായ ലീലാമ്മ (62) എന്നിവരെയാണ് നിത്യസഹായകന്റെ അമ്മവീട് ഏറ്റെടുത്തത്. മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രീതിയാണ് ഇവരുടെ ദയനീയാവസ്ഥ നിത്യസഹായകന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കവിതയുടെ ഭര്‍ത്താവ് വേണുക്കുട്ടന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്ലാവില്‍നിന്ന് വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. വിധവയായ കവിത ഏറെ ദുരിതത്തിൽ കഴിയവെ ശരീരം തളര്‍ന്നു കിടപ്പിലായി. മുളക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വടുകുന്നപ്പുഴയില്‍ ലീലാമ്മ ജന്മനാ അന്ധയായിരുന്നു. സഹോദരന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.
കിടപ്പിലായ സഹോദരിയെ നോക്കുവാനും ഉപജീവനമാര്‍ഗമായ ലോട്ടറിക്കച്ചവടത്തിനു പോകുവാനും സഹോദരന് കൃഷ്ണന് കഴിയാത്ത അവസ്ഥയായി. ഇവരുടെ ദയനീയ സ്ഥിതി വാര്‍ഡ് മെംബര്‍ അജിത് കുമാറാണ് അറിയിച്ചത്. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി സിന്ധുവും കവിതയുടെയും ലീലാമ്മയുടെയും വീടുകള്‍ സന്ദര്‍ശിച്ചു. ഇരുവരെയും അമ്മവീട് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.