ബ്ലഡ് ഡോണേഴ്സ് ഫോറം കേരള സ്ഥാപകന്‍ വിനോദ് ഭാസ്കരന് നാടിന്റെ അന്ത്യാഞ്ജലി
1576879
Friday, July 18, 2025 7:00 AM IST
ചങ്ങനാശേരി: ബ്ലഡ് ഡോണേഴ്സ് ഫോറം കേരളയുടെ സ്ഥാപകനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ വിനോദ് ഭാസ്കരന് നാടിന്റെ പ്രണാമം. രാവിലെ ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും കെഎസ്ആര്‍ടിസി ഡിപ്പോയിലും തുടര്‍ന്ന് പുഴവാത് വേട്ടടി മന്ദാരമംഗലം വീട്ടിലും പൊതുദര്‍ശനത്തിനു വച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും രക്തദാനക്കൂട്ടായ്മയിലെ സന്നദ്ധ ഭടന്മാരും ബന്ധുമിത്രാദികളും ആദരവര്‍പ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഭൗതികദേഹം ടൗണ്‍ഹാളിലും കെഎസ്ആര്‍ടിസി ഡിപ്പോയിലും എത്തിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ട്രിവാന്ട്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസ്,
കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ജോബ് വിരുത്തിക്കരി, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം, കെഎസ്ആര്‍ടിസി എടിഒ എസ്. രമേശ്, ഡിപ്പോ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.എ. തങ്കച്ചന് തുടങ്ങിയവര്‍ ആദരവുകളര്പ്പിച്ചു.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിനോദ് ഭാസ്കരന്റെ മൃതദേഹം പുഴവാതിലുള്ള വീട്ടിലെത്തിച്ചു. മൃതദേഹം എത്തിച്ചപ്പോള്‍ മാതാപിതാക്കളായ ഭാസ്കരന്-ഗോമതിയമ്മ, ഭാര്യ ഉഷ, മക്കളായ ആദിത്യന്, അനഘ, ആദര്‍ശ് എന്നിവരുടെ ദുഃഖം അണപൊട്ടിയൊഴുകി. ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
ബ്ലഡ് ഡോണേഴ്സ് ഫോറം കേരളയില്നിന്നു രക്തം സ്വീകരിച്ച നൂറുകണക്കിനാളുകളും ദീര്‍ഘദൂരം താണ്ടി സംസ്കാര ചടങ്ങിനെത്തി.