പാതിവഴിയിൽ സർവീസ് നിർത്തിയ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
1576618
Friday, July 18, 2025 2:59 AM IST
മുണ്ടക്കയം: സർവീസ് പൂർത്തിയാക്കാതെ ഓട്ടം നിർത്തിയ സ്വകാര്യ ബസ് അധികൃതർക്കെതിരേ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ചങ്ങനാശേരി -മുണ്ടക്കയം-പുഞ്ചവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തിവന്നിരുന്ന സ്വകാര്യ ബസാണ് മുണ്ടക്കയത്തുവച്ച് സർവീസ് നിർത്തുന്നതായി നാട്ടുകാർ പരാതി നൽകിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് മുണ്ടക്കയം സ്റ്റാൻഡില്‍ സര്‍വീസ് നിര്‍ത്തി ബസ് പാര്‍ക്ക് ചെയ്യുന്ന സമയം കാഞ്ഞിരപ്പളളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
പുഞ്ചവയലിലേക്ക് സര്‍വീസ് ഇല്ലെന്നു ജീവനക്കാര്‍ അറിയിച്ചതോടെ വാഹനത്തിനെതിരേ കേസെടുക്കാനും 7500 രൂപ പിഴ അടയ്ക്കാനും നിര്‍ദേശം നല്കി. എഎംവിമാരായ എം.എസ്. രാജേഷ്, ദീപു ആര്. നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.
അതേസമയം മുണ്ടക്കയം - പുഞ്ചവയൽ റൂട്ടിൽ സർവീസിനെ ചൊല്ലി ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിൽ തർക്കവും പതിവാണ്. ബസ് സർവീസിന് മുൻപായി ഓട്ടോറിക്ഷകൾ ട്രിപ്പടിക്കുന്നത് തങ്ങളുടെ സർവീസിനെ ബാധിക്കുന്നതായി ബസ് ജീവനക്കാർ പറയുന്നു. ഇതു പലപ്പോഴും മേഖലയിലേക്കുള്ള സർവീസ് നഷ്ടത്തിലാക്കാൻ ഇടയാക്കുന്നതായും ഇവർ പറയുന്നു.
അതേസമയം ബസുകൾ സർവീസ് നടത്താത്ത സമയങ്ങളിലാണ് തങ്ങൾ ട്രിപ്പടിക്കുന്നതെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാദം. മുണ്ടക്കയത്തിന്റ പല മലയോര മേഖലകളിലേക്കുമുള്ള ബസ് സർവീസുകൾ ഇത്തരത്തിൽ മുടങ്ങുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു.