ളായിക്കാട്-പാലാത്രച്ചിറ ബൈപാസില്‍ യാത്ര സുരക്ഷിതമല്ലെന്ന്
1576880
Friday, July 18, 2025 7:06 AM IST
ചങ്ങനാശേരി: ളായിക്കാട്-പാലാത്രച്ചിറ ബൈപാസില്‍ വാഹനസഞ്ചാരികള്ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷയില്ലെന്ന ആക്ഷേപം ഉയരുന്നു. വര്‍ധിച്ചുവരുന്ന തട്ടുകടകളും തട്ടുകടകള്‍ക്കു മുമ്പില്‍ റോഡിലേക്കിറക്കി വയ്ക്കുന്ന വാഹനങ്ങളും വഴിവിളക്കുകള്‍ തെളിയാത്തതുമാണ് പ്രധാന പ്രശ്നം.
തട്ടുകടകള്‍ക്കു മുമ്പില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും വട്ടംകൂടി നില്ക്കുന്ന ആളുകളുമാണ് വേഗത്തില്‍ റോഡിലൂടെയെത്തുന്ന വാഹനങ്ങള്‍ ക്ക് അപകടഭീഷണിയാകുന്നത്.
കഴിഞ്ഞദിവസം രാത്രി തട്ടുകടകള്‍ക്കു മുമ്പില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറുകളില്‍ ബൈക്കിടിച്ചു മറിഞ്ഞ് റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികനു ഗുരുതര പരിക്കേറ്റിരുന്നു. രാത്രി ഒമ്പതിന് മോര്ക്കുളങ്ങരയ്ക്കും പാലാത്രച്ചിറയ്ക്കുമിടയിലാണ് അപകടം. പോലീസ് എത്തിയാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബൈപാസില്‍ രാത്രികാല പോലീസ് പട്രോളിംഗ് വേണം
ബൈപാസില്‍ രാത്രികാലങ്ങളില്‍ ക്രിമിനല്‍, ലഹരി സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. റെയില്‍വേ സ്റ്റേഷനു സമീപത്തും ളായിക്കാട് ഭാഗത്തും രാത്രികാലങ്ങളില്‍ വ്യാപകമായ രീതിയില്‍ കക്കൂസ് മാലിന്യങ്ങളും മറ്റും തള്ളുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ബൈപാസിൽ രാത്രികാലത്ത് പോലീസ് പട്രോളിംഗും നഗരസഭാ ആരോഗ്യസ്ക്വാഡിന്റെ പരിശോധനയും വേണമെന്ന ആവശ്യം ശക്തമാണ്.
ചങ്ങനാശേരി-വാഴൂര്‍ റോഡിന്റെ വിവിധ ഭാഗങ്ങളിലും റോഡിലേക്കിറക്കി പ്രവര്‍ത്തിക്കുന്ന വഴിവാണിഭങ്ങള്‍ വാഹനസഞ്ചാരികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വാഹനങ്ങള്‍ക്കും കാല്‍നട സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള വഴിവാണിഭങ്ങള്ക്കും തട്ടുകടകള്ക്കുമെതിരേ പോലീസും തദ്ദേശസ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.