ചെത്തുതൊഴിലാളി സമരം അന്‍പതാം വാർഷികം
1338386
Tuesday, September 26, 2023 12:51 AM IST
പറവൂർ: ജില്ലയിലെ അവകാശപ്പോരാട്ട സമരങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ചെത്തുതൊഴിലാളി സമരത്തിന്റെ 50-ാം വാർഷികം മൂന്ന് മാസം നീളുന്ന വിപുലമായ പരിപാടികളോടെ കൊണ്ടാടുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന്റെ നേതൃത്വമായിരുന്ന ടി.ഐ. സർവന്റെ 50-ാം ചരമവാർഷികവും ഇതോടൊപ്പം നടക്കും.
1973 മേയ് 18ന് വേതന വർധന ആവശ്യപ്പെട്ട് പറവൂർ, വൈപ്പിൻ, തൃപ്പൂണിത്തുറ, പള്ളുരുത്തി, മാമല മേഖലകളിലാണ് ചെത്തുതൊഴിലാളികൾ സമരരംഗത്തിറങ്ങിയത്. പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സുനിൽ പി. ഇളയിടവും ‘മദ്യനയവും തൊഴിലാളികളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.ബി. രാജേഷും ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ സമരത്തിലെ പ്രധാന കേന്ദ്രമായ മൂത്തകുന്നത്ത് സമാപന സമ്മേളനം നവംബറിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സമ്മേളനത്തിൽ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചവരിൽ ജീവിച്ചിരിക്കുന്നവരായ തൊഴിലാളികളെ ആദരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.ആർ. ബോസ്, കൺവീനർ കെ.എസ്. സജീവൻ, ട്രഷറർ കെ.എ. വിദ്യാനന്ദൻ എന്നിവർ പറഞ്ഞു.