ത്രിഭംഗി ദേശീയ നൃത്തോത്സവം അങ്കമാലിയില്‍ 19 മുതല്‍
1592187
Wednesday, September 17, 2025 4:23 AM IST
കൊച്ചി: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖലാ ദേശീയ നൃത്തോത്സവത്തിന് 19ന് അങ്കമാലിയില്‍ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നൃത്തോത്സവത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 വ്യത്യസ്ത നൃത്തരൂപങ്ങളും 51 രംഗാവതരണങ്ങളും അരങ്ങേറും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, ഒഡീസി, ആന്ധ്രനാട്യം, മണിപ്പൂരി, പെരണിനൃത്തം, മഹാരിനൃത്തം, കഥക്, സാത്രിയ എന്നീ നൃത്തങ്ങളാണ് അവതരിപ്പിക്കുക.
അങ്കമാലി എ.പി. കുര്യന് സ്മാരക സിഎസ്എ ഓഡിറ്റോറിയത്തില്‍ 19ന് വൈകിട്ട് അഞ്ചിന് കേരള സംഗീതനാടക അക്കാഡമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നൃത്തോത്സവത്തിന് തിരിതെളിക്കും. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിഥിയായിരിക്കും. വൈകുന്നേരം മൂന്ന് മുതല്‍ യുവ നര്‍ത്തക വിഭാഗത്തിന്റെ പരിപാടികളും വൈകിട്ട് ആറ് മുതല്‍ പ്രഫഷണല്‍ നര്ത്തകവിഭാഗത്തിന്റെ നൃത്തരൂപങ്ങളും അരങ്ങിലെത്തും.
നൃത്തോത്സവത്തിന്റെ ഭാഗമായി നൃത്തവിദ്യാര്ഥികള്ക്ക് 20, 21 തീയതികളില്‍ നൃത്ത ശില്‍പ്പശാലയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചിത്ര സുകുമാരന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.