ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; രണ്ടു യുവാക്കൾ അറസ്റ്റിൽ
1592185
Wednesday, September 17, 2025 4:23 AM IST
തൃപ്പൂണിത്തുറ: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ആദില്‍ മീരാന്‍ (23), തൊടുപുഴ കാളിയാര്‍ വണ്ണപ്പുറം കുഴിമണ്ഡപത്തില്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (22) എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ് വഴി ഉയര്‍ന്ന ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കേസിലെ മൂന്നും നാലും പ്രതികളായ ഇവര്‍ തിരുവാങ്കുളം സ്വദേശിയുടെ പണം തട്ടിയെടുത്തത്. ടെലിഗ്രാം ആപ്പിലൂടെ തിരുവാങ്കുളം സ്വദേശിയെ ബന്ധപ്പെട്ട ഇവര്‍ കഴിഞ്ഞ ജനുവരി 25 മുതല്‍ ജൂലൈ 17 വരെയുള്ള കാലയളവിൽ ട്രേഡ് ചെയ്യാന്‍ 1.8 കോടി രൂപ നിക്ഷേപിപ്പിച്ചു. എന്നാല്‍ പറഞ്ഞ സമയത്ത് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വന്നതോടെ പണം നഷ്ടപ്പെട്ടയാള്‍ ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്കെത്തിയത്.
കേസിലെ ഒന്നാം പ്രതി അനശ്വര ഗോപിനാഥ് എന്ന് പരിചയപ്പെടുത്തിയ യുവതിയും രണ്ടാം പ്രതി ഇവര്‍ തട്ടിപ്പു നടത്താനായി പരിചയപ്പെടുത്തിയ അന്സൊ ഗ്ലോബല്‍ എന്ന കമ്പനിയുമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആദിലിന്റെ അക്കൗണ്ടില്‍ മാത്രം 3.45 കോടി രൂപ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കമ്മീഷന്റെ അടിസ്ഥാനത്തില്‍ മ്യൂച്വല്‍ അക്കൗണ്ടുകള്‍ വാങ്ങിയും ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയമുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി ജുവനപ്പടി മഹേഷ്, എസിപി പി.എസ്. ഷിജു, ഇന്‍സ്പെക്ടര്‍ റിജിന്എം.തോമസ്, എസ്ഐ കെ.അനില, എസ്സിപിഒ വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.