ഹിൽപാലസ് മ്യൂസിയത്തിന് സമീപം ഹോട്ടൽ മാലിന്യം തള്ളി
1592163
Wednesday, September 17, 2025 3:53 AM IST
തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയത്തിന് സമീപം ഹോട്ടൽ മാലിന്യം നിക്ഷേപിച്ചു. തിങ്കളാഴ്ച്ച രാത്രിയിലാണ് ഹിൽപാലസ് ആയുർവേദപ്പടി ഭാഗത്തുള്ള കാനയിൽ മാലിന്യം തള്ളിയത്. കാനയിലൂടെ ഒഴുകി ഹിൽപാലസ് മ്യൂസിയത്തിന് മുന്നിലേയ്ക്കെത്തിയ മാലിന്യം കലർന്ന വെള്ളം ഗേറ്റിനു മുന്നിലായി റോഡിൽ പരക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ മ്യൂസിയത്തിന് മുന്നിൽ കാലുകുത്താനാകാത്തവിധം മാലിന്യവും ദുർഗന്ധവും പരന്നതോടെ അഗ്നിരക്ഷാ സേനയെത്തി വെള്ളമൊഴിച്ച് റോഡ് ശുചിയാക്കി. പിന്നീട് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡർ വിതറി ഇവിടം അണുവിമുക്തമാക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഈ ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ കാറിടിച്ചതിനെ തുടർന്ന് അർധരാത്രി കഴിയും വരെ ഇവിടെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഈ സമയം മുതലാക്കിയാണ് പ്രദേശത്ത് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന സമയത്ത് റോഡിൽ ഹോട്ടൽ മാലിന്യം തള്ളിയവരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും അടിയന്തരമായി ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ട്രുറ തിരുവാങ്കുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.