ചരിത്ര സ്മരണയിൽ നേർച്ചപ്പണം കൈമാറി
1592081
Tuesday, September 16, 2025 7:01 AM IST
കോതമംഗലം: ചരിത്ര സ്മരണകൾ അനുസ്മരിച്ച് കുട്ടമ്പുഴ കൊച്ചുനാഗപ്പുഴ പള്ളി ഇടവകാംഗങ്ങൾ ഇല്ലിക്കുമ്പത്തിൽ നിക്ഷേപിച്ച നേർച്ചപ്പണം നാഗപ്പുഴ സെന്റ് മേരീസ് പള്ളിക്ക് കൈമാറി. 1957-ൽ കുട്ടമ്പുഴ മേഖലയിൽ കുടിയേറ്റക്കാർ താമസം ആരംഭിച്ചതായാണ് ചരിത്രരേഖകളിൽ വ്യക്തമാകുന്നത്.
കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യങ്ങൾ മാറുന്നതിന് മാതാവിനോട് പ്രാർഥിക്കുന്നതിനുവേണ്ടി അക്കാലത്ത് ഒത്തു ചേർന്ന സ്ഥലമാണ് നാകപ്പുഴ കവല എന്നപേരിൽ അറിയപ്പെടുന്ന അട്ടിക്കളം. ഇല്ലികൊണ്ട് കുരിശുണ്ടാക്കി നാകപ്പുഴ കുരിശ് സ്ഥാപിക്കുകയും ഇല്ലി കുംഭം കൊണ്ട് ഭണ്ഡാരവും സ്ഥാപിച്ചതായാണ് ചരിത്രം. ഇല്ലി കുംഭത്തിലെ നേർച്ച പൈസകൾ അന്ന് നാകപ്പുഴ പള്ളിയിൽ എട്ട് നോമ്പ് തിരുനാളിന് വഴിപാട് ആയി എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ആ ചരിത്രം ആവർത്തിച്ച് ഇക്കുറി കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയിൽ ഇടവക ജനങ്ങളും തീർഥാടകരും ഇല്ലിക്കുംഭത്തിൽ നിക്ഷേപിച്ച നേർച്ച പണം കൊച്ചുനാകപ്പുഴ ഇടവകക്കാർ വികാരി ഫാ. അരുൺ വലിയതാഴത്തിന്റെ നേതൃത്വത്തിൽ നാകപ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ. പോൾ നെടുംപുറത്തിന് കൈമാറി. കൈക്കാരന്മാരായ ജോഷി കാക്കനാട്ട്, ഷാമോൻ കൊരട്ടിക്കുന്നേൽ ജോജി നെല്ലിമല എന്നിവർ പങ്കെടുത്തു.