അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി
1591749
Monday, September 15, 2025 4:11 AM IST
അങ്കമാലി : സ്വകാര്യ ബസ് ജീവനക്കാർ അങ്കമാലി- കാലടി- അത്താണി- കൊരട്ടി മേഖലയിൽ നടത്തിയിരുന്ന സമരം ഒത്തുതീർപ്പായി. സമരം ഒത്തുതീർപ്പായതിനെത്തുടർന്ന് ഈ മഖലയിൽ ഇന്നലെ മുതൽ തന്നെ ബസുകൾ ഓടിത്തുടങ്ങി. പ്രശ്ന പരിഹാര തീരുമാനപ്രകാരം രണ്ട് വർഷത്തെ കരാറാണ് നിശ്ചയിച്ചിട്ടുള്ളത്.
പുതുക്കിയ കരാർ പ്രകാരം തൊഴിലാളികൾക്ക് ആദ്യവർഷം നിലവിലുള്ള വേതനം കൂടാതെ മൂന്ന് ജീവനക്കാർക്കുംകൂടി 250 രൂപ ദിവസേന കൂടുതൽ നൽകും. അടുത്ത വർഷം 100 രൂപ കൂടി വർധിപ്പിച്ച് 350 രൂപ മൂന്നു പേർക്കും കൂടി ദിവസേന കൂടുതലായി ലഭിക്കും. പണിമുടക്കിനെ തുടർന്ന് ഈ മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിക്കാൻ അങ്കമാലി പോലിസ് എസ്എച്ച്ഒ എ. രമേഷിന്റെ മധ്യസ്ഥയിൽ കൂടിയ യോഗത്തിലാണ് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടായത്.
നിലവിലുള്ള അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം അങ്കമാലി- കാലടി മേഖലയിലെ ബസ് സർവീസുകൾ വൻ പ്രതിസന്ധിയിലാണ്. ഇതേ ദുരവസ്ഥ തുടരുമ്പോഴും യാത്രക്കാരായ ജനങ്ങളോടും വിദ്യാർഥികളോടുമുള്ള പ്രതിബദ്ധത കണക്കിലെടുത്ത് വളരെയേറെ നഷ്ടം സഹിച്ചാണ് ഈ ഒത്തുതീർപ്പിന് തയാറായിട്ടുള്ളതെന്ന് ബസുടമളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ബസുടമകളെ പ്രതിനിധീകരിച്ച് എ.പി. ജിബി, ജോളി തോമസ്, നവീൻ ജോൺ, ജിജോ ജോണി, സിജി കുമാർ, കെ.സി. വിക്ട്ടർ ജെർമിയാസ് വിക്ടർ എന്നിവരും. യൂണിയനുകളെ പ്രതിനിധീകരിച്ച് പി.വി ടോമി, സി.കെ. സലിം , കെ.പി. പോളി, പി.കെ. പൗലോസ്, പി.ജെ. ടോണി, ഡേവിഡ് പി.ജെ. പ്രദീപ്, സുധീഷ് എന്നിവരും പങ്കെടുത്തു. ഒത്തുതീർപ്പിനെ തുടർന്ന് ഈ മേഖല ലയിലെ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചു