രാത്രികാലങ്ങളിൽ ടോറസുകളുടെ മരണപ്പാച്ചിൽ : വൈപ്പിൻ സംസ്ഥാനപാത ദുരന്തഭീതിയിൽ
1591745
Monday, September 15, 2025 4:11 AM IST
രജിസ്ട്രേഷനും നമ്പർ പ്ലേറ്റുമില്ല; ടോറസുകൾ പലതും കാലഹരണപ്പെട്ടത്
വൈപ്പിൻ: ദേശീയപാത നിർമാണത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ പുതുവൈപ്പ് എൽഎൻജി ജെട്ടിയിൽ നിന്നും മണലുമായി വൈപ്പിൻ സംസ്ഥാനപാതയിലൂടെയുള്ള കാലഹരണപ്പെട്ട ടോറസ് ലോറികളുടെ മരണപ്പാച്ചിൽ പൊതുജനത്തിന് ഭീഷണിയാകുന്നു.
ഭൂരിഭാഗം ലോറികൾക്കും ഫിറ്റ്നസ്, ഇൻഷ്വറൻസ്, എന്തിന് നമ്പർ പ്ലേറ്റ് പോലും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കൂട്ടത്തിൽ രജിസ്ട്രേഷൻ പോലുമില്ലാത്ത ലോറികളും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിഥി തൊഴിലാളികളായ ഡ്രൈവർമാർ മുഴുവൻ സമയവും ചെവിയിൽ ഫോണും തിരുകി പാട്ടുകേട്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്.
ഈ മരണപ്പാച്ചിലിനിടയിൽ പാലങ്ങളുടെ ഭാഗത്തെത്തുമ്പോൾ വാഹനം ഉലഞ്ഞ് ധാരാളം മണൽ പാലത്തിൽ വീഴുകയും ഗതാഗത തടസം ഉണ്ടാവുകയും ഇവിടെ പതിവായിരിക്കുകയാണ്. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് മണൽ നീക്കം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മാനാട്ടുപറമ്പ് പാലത്തിൽ ഇതുപോലെ മണൽ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഏതാണ്ട് രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെയും നിരവധി ടോറസുകളാണ് ഇതേപോലെ സംസ്ഥാനപാതയിലൂടെ മണലുമായി പായുന്നത്.
എന്നാൽ നിരവധി പരാതികൾ ഉയർന്നിട്ടും പോലീസോ മോട്ടോർ വാഹന വകുപ്പോ യാതൊരു നടപടിയും എടുക്കാതെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാടെ ആരോപണം.