എംഎൽഎയുടെ നിർദേശം നടപ്പാക്കിയ ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
1591740
Monday, September 15, 2025 4:00 AM IST
മൂവാറ്റുപുഴ: ആദ്യഘട്ട ടാറിംഗ് നിര്‍മാണം പൂര്‍ത്തീകരിച്ച മൂവാറ്റുപുഴ നഗരത്തിലെ റോഡ് മാത്യു കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുറന്നു നല്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി സിദ്ദിഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉന്നത പോലീസ് അധികാരികളെയും മറ്റും അറിയിക്കാതെ നാട മുറിച്ച് റോഡ് തുറന്നു കൊടുത്തതിനാണ് നടപടി.
സംഭവത്തില്‍ ഡിവൈഎസ്പി സിദ്ദിഖിനോട് വിശദീകരണം തേടിയിരുന്നു.രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കി. ഇതിനെല്ലാം പുറമേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് കെ.പി സിദ്ദിഖിനെ സസ്പെന്‍ഡ് ചെയ്തത്. കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെയുള്ള എംസി റോഡ് വെള്ളിയാഴ്ചയാണ് തുറന്നു നല്‍കിയത്.
പ്രതിഷേധവുമായി എംഎൽഎ
മൂവാറ്റുപുഴ : ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. മുഖ്യമന്ത്രി സസ്പെൻഷന് പിന്നിലെ കാരണം വ്യക്തമാക്കണം. മറുപടി പറയാൻ തയാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ കൊണ്ട് മറുപടി പറയിപ്പിക്കും എന്നും എംഎൽഎ പറഞ്ഞു.വിഷയം നിയമസഭയിൽ ഉന്നയിക്കും.
ട്രാഫിക് എസ്ഐ റോഡ് തുറന്നപ്പോൾ എംഎൽഎയുടെയും നഗരസഭാ ചെയർമാന്റെയും സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനപ്പുറത്തേക്ക് ഒരു ഉദ്ഘാടനമോ ഒന്നും ഉണ്ടായിട്ടില്ല. അർപ്പണ മനോഭാവത്തോടെ കുറ്റമറ്റ രീതിയിൽ ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് സിപിഎം നൽകിയ പാരിതോഷികമാണ് ഈ സസ്പെൻഷൻ എന്നും എംഎൽഎ കുറ്റപ്പെടുത്തി.
കാക്കി കുപ്പായം ധരിച്ച് അഴിമതിയും അക്രമവും ഗുണ്ടായിസവും നടത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമ്പോൾ ജനങ്ങൾക്കായി സമർപ്പിതമായി പ്രവർത്തിക്കുന്നവരെ വേട്ടയാടുകയാണ് സർക്കാരെന്നും എംഎൽഎ പറഞ്ഞു.
സസ്പെൻഷനെതിരെ കോൺഗ്രസും ബിജെപിയും
മൂവാറ്റുപുഴ: നഗരത്തിലെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി ഗതാഗതത്തിനായി റോഡ് തുറന്നു നല്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.
സസ്പെൻഡ് ചെയ്ത സർക്കാർ നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബുജോൺ പറഞ്ഞു. എംഎൽഎയും നഗരസഭ ചെയർമാനും അടക്കമുള്ള ജനപ്രതിനിധികൾ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോൾ സ്വാഭാവികമായി സംഭവിച്ച കാര്യമായിരുന്നു റോഡ് തുറന്ന ുകൊടുക്കൽ.
ഉദ്യോഗസ്ഥരെ ബലിയാടക്കിയുള്ള ഈ നടപടി പിൻവലിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പറഞ്ഞു.
ട്രാഫിക് നിയന്ത്രണം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത എസ്ഐ കെ.പി. സിദ്ദിഖിനെ എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും രാഷ്ട്രീയ ചേരിതിരിവിന്റെ ഭാഗമായി രാഷ്ട്രീയ കരുവാക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
മാസങ്ങളായി തുടരുന്ന മൂവാറ്റുപുഴ നഗര റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായപ്പോള്‍ നാലുവരി പാത യാത്രക്കാര്‍ക്കായി തുറന്നു നല്‍കാനാണ് മൂവാറ്റുപുഴ ട്രാഫിക് തീരുമാനിച്ചത്.