എംസി റോഡ് കൂത്താട്ടുകുളത്തെ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചു
1592084
Tuesday, September 16, 2025 7:01 AM IST
കൂത്താട്ടുകുളം: എം സി റോഡിൽ കാലിക്കറ്റ് കവലയിലെ നഗരസഭ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചതായി ആക്ഷേപം. മുൻ ഭരണ സമിതി ഏർപ്പാടാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയതാണ് ടേക്ക് എ ബ്രേക്കിന്റെ പ്രവർത്തനം നിലക്കാൻ കാരണമായി പറയുന്നത്.
ശുചീകരണ തൊഴിലാളികൾ ഇല്ലാതായതോടെ ടേക്ക് എ ബ്രേക്കിന്റെ പരിപാലനം വേണ്ട രീതിയിൽ നടക്കുന്നില്ല. ഒരാഴ്ചയായി ശുചി മുറികളിൽ വെള്ളം ഇല്ലാതെ ഉപയോഗിച്ചതിനാൽ ദുർഗന്ധം മൂലം പ്രദേശത്ത് ആളുകൾ ചെല്ലാനാകാത്ത അവസ്ഥയാണ്. പൈപ്പുകൾ, ലൈറ്റുകൾ ഇവയെല്ലാം തകർന്ന നിലയിലാണ്. സമീപത്തുള്ള കടകളിൽ വരെ ദുർഗന്ധമെത്തി ആളുകൾ കയറാതെ വന്നതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി 15 ലക്ഷം രൂപ മുടക്കി നിർമിച്ച പദ്ധതി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
അട്ടിമറിയിലൂടെ അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതിയെ താറുമാറാക്കിയെന്ന് മുൻ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.
എൽഡിഎഫ് കൗൺസിലർമാർ പ്രദേശം സന്ദർശിച്ച് സൂചനാ സമരം നടത്തി. സമരം കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് കൗൺസിലർമാരായ വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി.ആർ. സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.