മാറമ്പിള്ളി സഹ. ബാങ്ക് ക്രമക്കേട്: എൽഡിഎഫ് മാർച്ചും ധർണയും നടത്തി
1592070
Tuesday, September 16, 2025 7:00 AM IST
പെരുമ്പാവൂർ: മാറമ്പിള്ളി സർവീസ് സഹ. ബാങ്കിൽ ക്രമക്കേട് ആരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി.
ബാങ്ക് പുതിയതായി നടത്തിയ നിയമനം സംബന്ധിച്ച പരാതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർക്ക് വിജിലൻസ് ശിപാർശ നൽകിയിരുന്നു.ഇത് നടപ്പിലാക്കാത്ത ബാങ്ക് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറമ്പിള്ളി സഹകരണ ബാങ്ക് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ച് സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നടന്ന ധർണ സമരം സിപിഎം ഏരിയ സെക്രട്ടറി സി.എം. അബദുൾ കരിം ഉദ്ഘാടനം ചെയ്തു.
എന്നാൽ സർവീസ് സഹകരണ ബാങ്കിനു നേരെയുള്ളത് കുപ്രചരണങ്ങളാണെന്ന് മാറമ്പിള്ളി സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് പറഞ്ഞു. രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കേസുകൾ നൽകി ബാങ്കിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബോർഡ് കുറ്റപ്പെടുത്തി.