റോഡ് തുറന്നു നൽകിയതിന് സസ്പെന്ഷൻ: ആരോടും പരാതിയും പരിഭവവും ഇല്ലെന്ന് ട്രാഫിക് എസ്ഐ
1592074
Tuesday, September 16, 2025 7:01 AM IST
മൂവാറ്റുപുഴ: സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ആരോടും പരാതിയും പരിഭവവും ഇല്ലെന്നും സസ്പെന്ഷന് ചോദ്യം ചെയ്ത് നിയമ നടപടി സ്വീകരിക്കും എന്നത് അടിസ്ഥാന രഹിതമാണെന്നും സസ്പെന്‍ഷനിലായ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ്. പോലീസ് വകുപ്പിന്റെ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും അദേഹം വ്യക്തമാക്കി.
നഗരത്തിലെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് കഴിഞ്ഞ ദിവസം മാത്യു കുഴല്നാടന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് തുറന്നു നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
എംഎല്‍എയുടെ രാഷ്ട്രീയ നാടകത്തിനു എസ്ഐ കൂട്ടുനിന്നുവെന്നാരോപിച്ച് സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുന്നതിന് മാത്യു കുഴല്നാടന് എംഎല്‍എ അനുമതി തേടിയിട്ടുണ്ട്. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്നു നല്കിയ ഉദ്യോഗസ്ഥന് എതിരേ സസ്പെന്ഷന് നടപടി ഉണ്ടായത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആരോപിച്ചു.