നഗരസഭയും അദ്വൈതാശ്രമവും തമ്മിലുള്ള തർക്കം രൂക്ഷം : മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള വഴി അടച്ചു
1592161
Wednesday, September 17, 2025 3:53 AM IST
ആലുവ: ചതയദിനാഘോഷത്തിന്റെ ഭാഗമായി അദ്വൈതാശ്രമ കവാടത്തിന് മുന്നില്‍ സ്ഥാപിച്ച കൊടി ആലുവ നഗരസഭ എടുത്തു മാറ്റിയ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. ആശ്രമം വിട്ടു നല്കിയ സ്ഥലത്ത് ആലുവ നഗരസഭ നിര്‍മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള വഴി ആശ്രമം അധികൃതർ ഇന്നലെ അടച്ചതോടെ നഗരസഭയും ആശ്രമം അധികൃതരും തമ്മിലുള്ള തകര്‍ക്കം കൂടുതല്‍ വഷളായി. പ്ലാന്റ് അറ്റകുറ്റപ്പണിക്ക് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുമെന്ന് ആരോഗ്യസ്ഥിരം സമിതിയധ്യക്ഷന്‍ എം.പി. സൈമണ്‍ പറഞ്ഞു.
ആലുവ നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ പ്ലാന്റും അതിലേക്കുള്ള വഴിയും നഗരസഭയുടേതാണെന്ന് വാദം. എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന പ്ലാന്റ് നന്നാക്കാതെ ഇട്ടതോടെ പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥലമായെന്നും സാമൂഹ്യ വിരുദ്ധരുടെ താവളമായെന്നുമാണ് ആശ്രമം അധികൃതരുടെ ആരോപണം.
തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ നിയമപരമായി നേരിടാമെന്നാണ് ആലുവ നഗരസഭയുടേയും അദ്വൈതാശ്രമത്തിന്റെയും നിലപാട്. മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് പുഴയോട് ചേര്‍ന്ന് ആശ്രമം വിട്ടുകൊടുത്ത സ്ഥലത്താണ്. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ ഈ ഭാഗത്തെ വഴിയില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ച് ആര്‍ച്ചും സ്ഥാപിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാന്‍ കൗണ്‍സില്‍ തീരുമാനം
ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമം വളപ്പില്‍ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോര്‍ഡും നശിപ്പിച്ചെന്ന പരാതിയില്‍ നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാന്‍ അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ കവിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് എന്നിവരുടെ നിര്‍ദേശപ്രകാരം കണ്ടിജന്‍സി വിഭാഗം ജീവനക്കാരാണ് ആശ്രമത്തിന്റെയും സ്കൂളിന്റെയും മതിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന കൊടികളും ബോര്‍ഡും നശിപ്പിച്ചത്. പിഴുതെറിഞ്ഞ കൊടികള്‍ പിന്നീട് അശ്രമത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലിനജല സംസ്കരണ പ്ലാന്റിലെ മാലിന്യങ്ങളിലേക്ക് തള്ളിയെന്നാണ് ആക്ഷേപം.
പൊതുനിരത്തില്‍ ബോര്‍ഡുകളും കൊടികളും സ്ഥാപിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരില്‍ കഴിഞ്ഞ പത്തിനാണ് ആശ്രമത്തിന്റെ മതിലില്‍ സ്ഥാപിച്ച കൊടികളും ബോര്‍ഡുകളും എടുത്തു മാറ്റിയത്.