അങ്കമാലി കുണ്ടന്നൂര്‍ ബൈപ്പാസ് : അവശേഷിക്കുന്ന സര്‍വേ ഒക്ടോബറിൽ
1592191
Wednesday, September 17, 2025 4:27 AM IST
അടുത്തമാസം 3 എ പുനർവിജ്ഞാപനമെന്ന് ദേശീയപാത അഥോറിറ്റി
കൊച്ചി: എന്‍എച്ച് 544ലെ തിരക്ക് കുറയ്ക്കാന്‍ രൂപകല്പന ചെയ്ത അങ്കമാലി- കുണ്ടന്നൂര്‍ പുതിയ ഹൈവേ നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമി എറ്റെടുക്കലിനുള്ള 3 എ വിജ്ഞാപനം അടുത്തമാസം വീണ്ടും പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ രണ്ടു മാസത്തിനകം അവശേഷിക്കുന്ന പ്രദേശത്ത് സര്‍വേ പൂര്‍ത്തിയാക്കും.
നേരത്തെ പുറപ്പെടുവിച്ച 3 എ വിജ്ഞാപനം കാലഹരണപ്പെട്ടതോടെയാണ് പുതിയ വിജ്ഞാപനം ആവശ്യമായി വന്നത്. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ദേശീയപാതാ അഥോറിറ്റി ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44 കിലോമീറ്റര്‍ ആറുവരിപ്പാതയാണ് നിര്‍മിക്കേണ്ടത്. ഇതിനായി 18 വില്ലേജുകളിലായി 201 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം. പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും.
സര്‍വേ അവശേഷിക്കുന്നത് 21.5 ഹെക്ടറില്‍
ബൈപ്പാസിനായി ഏറ്റെടുക്കുന്ന 201 ഹെക്ടറില്‍ 21.5 ഹെക്ടറിലാണ് ഇനി സര്‍വേ അവശേഷിക്കുന്നത്. 290 ഹെക്ടര്‍ ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും പിന്നീടത് 201 ഹെക്ടറായി നിജപ്പെടുത്തി. ഇതില്‍ 160 ഹെക്ടര്‍ പ്രദേശത്തെ സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പുഴയും കല്ലിടാത്ത സ്ഥലവും ഉള്‍പ്പെടെ 19.5 ഹെക്ടര്‍ പ്രദേശം ഒഴിവാക്കി. അവശേഷിക്കുന്ന 21.5 ഹെക്ടറില്‍ 3 എ പുനര്‍ വിജ്ഞാപനത്തിനു ശേഷം അടിയന്തര പ്രാധാന്യത്തോടെ സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
നേരത്തെ 49 ജീവനക്കാരാണ് സര്‍വേ ജോലികളില്‍ പങ്കെടുത്തത്. 67 ഹെക്ടര്‍ സ്ഥലം 3ഡി വിജ്ഞാപനത്തിനായി ദേശീയപാതാ അഥോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു. സര്‍വേ പൂര്‍ത്തിയാക്കിയ ബാക്കി സ്ഥലത്തിന്റെ സ്കെച്ച് ഉടന്‍ തയാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. 3 എ പുനര്‍വിജ്ഞാപനം ഒക്ടോബറില്‍ നടന്നാല്‍ രണ്ട് മാസത്തിനകം തന്നെ 3 ഡി വിജ്ഞാപനത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതിഷേധം ഫലം കണ്ടു
രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി അധികൃതരുടെ അനാസ്ഥമൂലം അവതാളത്തിലായതോടെ രാഷ്ട്രീയ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. അനിശ്ചിതത്വം നീക്കി പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.
ഭൂമിയേറ്റെടുക്കലിന് 3 എ വിജ്ഞാപനം ഇറങ്ങിയാല്‍ ഒരു വര്‍ഷത്തിനകം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച് 3 ഡി വിജ്ഞാപനം ഇറക്കിയാലെ നടപടികള്‍ പൂര്‍ത്തിയാകൂ. ഡിപിആര്‍ പ്രകാരം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കേണ്ടത് ദേശീയപാത അഥോറിറ്റിയാണ്.
3 എ വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായ കഴിഞ്ഞ 29നകം നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 3 ഡി വിജ്ഞാപനം ഇറക്കാന്‍ അഥോറിറ്റിക്കായിരുന്നില്ല. ഇതോടെ 3 എ വിജ്ഞാപനം റദ്ദായിരുന്നു.