ആനിക്കാട് ചിറപ്പടിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
1592177
Wednesday, September 17, 2025 4:09 AM IST
വാഴക്കുളം: ആനിക്കാട് ചിറപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിനും പിക്ക് അപ്പ് വാനിനും തീപിടിച്ചു. തിങ്കളാഴ്ച രാത്രി 12.30 ഓടെ ചിറപ്പടിയില്‍ സംസ്ഥാന പാതയോടു ചേര്‍ന്നുള്ള തലച്ചിറ പുത്തന്‍പുരയില്‍ ഷാഹുല്‍ ഷിനാജിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിലാണ് തീ പടര്‍ന്നത്. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിലേക്കും തീ ആളിപ്പടര്‍ന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
വ്യാപാര സ്ഥാപനം ഭാഗികമായും പിക്ക്അപ്പ് വാനിന്റെ പിന്‍ഭാഗവും കത്തി നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. തന്റെ വ്യാപാര സ്ഥാപനത്തിനു തീയിട്ടതാണെന്നാരോപിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ സ്ഥാപന ഉടമ ഷാഹുല്‍ ഷിനാജ് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്കി.
ലഹരി ഉപയോഗവും വിനിമയവും തടഞ്ഞതുമായി ബന്ധപ്പെട്ട് ഷാഹുലിന് നേര്‍ക്ക് അടുത്തയിടെ ആക്രമണം ഉണ്ടായിട്ടുള്ളതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രതികാര നടപടികളുടെ ഭാഗമായിട്ടാവാം തീയിട്ടതെന്ന് ഷാഹുല്‍ പറഞ്ഞു.