കത്തോലിക്ക കോൺഗ്രസ് ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യം: മാർ പാംബ്ലാനി
1592579
Thursday, September 18, 2025 4:32 AM IST
കൊച്ചി: വർത്തമാനകാല ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഭയുടെയും സമുദായത്തിന്റെയും ശബ്ദമാകാൻ കത്തോലിക്ക കോൺഗ്രസിനു കഴിയണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
എറണാകുളം - അങ്കമാലി അതിരൂപതയിൽ സംഘടനയുടെ പുതിയ ഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പ്രവാചക ധീരതയോടെ ശക്തമായ നിലപാടുകളെടുക്കാൻ സാധിച്ചെങ്കിൽ മാത്രമേ കത്തോലിക്ക കോൺഗ്രസിന് സഭയിലും സമൂഹത്തിലും ഒരു തിരുത്തൽ ശക്തിയാകാനാൻ കഴിയൂവെന്നും മാർ പാംബ്ലാനി ഓർമിപ്പിച്ചു.
അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി പൊട്ടനാനിയിൽ, ട്രഷറർ ജോൺസൺ പടയാട്ടി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ഗ്ലോബൽ സെക്രട്ടറി ഫ്രാൻസിസ് മൂലൻ, ജോസ് ആന്റണി, സെജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബറിൽ നടക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് അതിരൂപതയുടെ സ്വീകരണം കാലടിയിൽ ഒരുക്കും. അതിരൂപത സമിതിയുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മറ്റികളേയും യോഗത്തിൽ പ്രഖ്യാപിച്ചു.