പോക്സോ കേസിൽ വൈദികന്റെ ശിക്ഷ മരവിപ്പിച്ചു
1592589
Thursday, September 18, 2025 4:48 AM IST
ന്യൂഡൽഹി: എറണാകുളം പുത്തന്‍വേലിക്കര പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിന്റെ ശിക്ഷയാണു കോടതി മരവിപ്പിച്ചത്.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്ക്കെതിരേ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
അപ്പീലിൽ സുപ്രീംകോടതി തീരുമാനമെടുക്കുംവരെയാണു ശിക്ഷ മരവിപ്പിച്ചത്. ഹൈക്കോടതി നൽകിയ ശിക്ഷയിൽ പകുതിയോളം ശിക്ഷാ കാലാവധി അനുഭവിച്ച സാഹചര്യത്തിലാണു നടപടി.
കേസിലെ ഒന്നാം പ്രതിയാണ് എഡ്വിന് ഫിഗറസ്. കേസിലെ രണ്ടാം പ്രതിയും എഡ്വിന് ഫിഗറസിന്റെ സഹോദരനുമായ സിൽവസ്റ്റർ ഫിഗറസിന്റെ ശിക്ഷ നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു.