മംഗലത്തുതാഴത്തെ കലുങ്ക് പുനർനിർമാണം പൂർത്തിയായി
1592601
Thursday, September 18, 2025 5:04 AM IST
കൂത്താട്ടുകുളം: പാലാ റോഡിൽ മംഗലത്തുതാഴത്തെ കലുങ്ക് പുനർനിർമാണം പൂർത്തിയായി. 17 ദിവസം കൂടി കഴിഞ്ഞാൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. കോൺഗ്രീറ്റ് ബലവത്താകാനുള്ള ദിവസങ്ങൾ പൂർത്തിയായ ശേഷമേ തുറന്നു നൽകുവെന്ന് അധികൃതർ പറഞ്ഞു.
റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചശേഷം കലുങ്ക് പൂർണമായും പൊളിച്ചുനീക്കിയത് പ്രദേശവാസികൾക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. നഗരസഭയിലെ മൂന്നു ഡിവിഷനുകളിലെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിയും നടന്നുമാണ് നഗരത്തിലെത്തുന്നത്.
ഒരു കോടി 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു വർഷം മുമ്പ് രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള റോഡ് നവീകരണവും കലുങ്ക് നിർമാണവും പൂർത്തീകരിച്ചത്.
നിർമാണം പൂർത്തിയായി ആഴ്ചകൾ കൊണ്ട് റോഡ് തകർന്നു. ഒരുമാസം മുമ്പ് കലുങ്കിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് സ്ലാബ് തകർന്നതിന്റെ അടിസ്ഥാനത്തിലാണ് കലുങ്ക് പൂർണമായി പൊളിച്ചു നിർമിച്ചത്.
കലുങ്ക് നിർമിച്ച കരാറുകാരന്റെ ചെലവിലാണ് പുനർനിർമാണം നടന്നിരിക്കുന്നത്. കലുങ്കിന്റെ ഇരുവശങ്ങളിലും ഉള്ള അപ്രോച്ച് റോഡുകളും പൊളിച്ചു നീക്കിയ ടൈലുകളും പൂർവസ്ഥിതിയിലാക്കുന്ന മുറയ്ക്ക് റോഡ് തുറന്നു നൽകും.