കോതമംഗലത്ത് കൗണ്‍സിലറുടെ നേതൃത്വത്തിൽ 25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി
1592599
Thursday, September 18, 2025 5:01 AM IST
25 വീടുകളുടെ സമര്‍പ്പണവും 6 വീടുകളുടെ താക്കോല്‍ദാനവും 20ന്
കോതമംഗലം: കോതമംഗലത്ത് കൗണ്‍സിലറുടെ നേതൃത്വത്തിൽ 25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി. കോതമംഗലം നഗരസഭ 18-ാം വാര്‍ഡില്‍ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 വീടുകളുടെ സമര്‍പ്പണവും ആറ് വീടുകളുടെ താക്കോല്‍ദാനവും 20ന് രാവിലെ 9.30-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
1.25 ഏക്കര്‍ സ്ഥലത്ത് മൂന്ന് സെന്റ് വീതം സ്ഥലത്താണ് വില്ലകള്‍ പോലെ റോഡിന് ഇരുവശത്തുമായാണ് ചെറു വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 3.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്. വാടക കെട്ടിടങ്ങളിലും വാസയോഗ്യമല്ലാത്ത വീടുകളിലും താമസിച്ചിരുന്നവർ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ്.
തെരഞ്ഞെടുപ്പ് വേളയില്‍ വീട് സന്ദര്‍ശന സമയത്താണ് ഇവരുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഷിബു കുര്യാക്കോസ് പറഞ്ഞു. വീടില്ലാത്ത നിരവധി പേര് ഇനിയുമുണ്ട്. ഇത്തരത്തില്‍ നൂറ് വീട് നിര്‍മിച്ച് നല്‍കണമെന്നാണ് തന്റെ സ്വപ്നമെന്ന് ഷിബു പറഞ്ഞു.
മാര്‍ ബേസില്‍ സ്കൂളിന് പിന്നില്‍ 500 മീറ്റര്‍ മാറി കുരൂര്‍ തോടിന് അരുകിലായി ഇന്ദിരാനഗറിലാണ് 25 ഭവനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 16 വീടുകളും ലയണ്‍സ് ക്ലബ് മുഖേന അഞ്ച് വീടുകളുമാണ് നിര്‍മിച്ചിരിക്കുന്നത്. ലയണ്‍സ് ക്ലബ് ഇതു കൂടാതെ 13 ലക്ഷം രൂപ കൂടി നിര്‍മാണ സഹായമായി നല്‍കിയിരുന്നു.
നാല് പേര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ വായ്പയിലൂടെയാണ് വീട് പണിത് നല്‍കിയിരിക്കുന്നത്. സ്ഥലം വാങ്ങിയാണ് ഓരോരുത്തര്‍ക്കും 500 മുതല്‍ 650 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ച് നല്‍കിയത്. 16 അടി വീയില്‍ വഴിയും വെളിച്ചവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. വീടുകളുടെ സമര്‍പ്പണ ചടങ്ങില്‍ സിനിമാ താരം സിദ്ദിഖ് മുഖ്യാതിഥിയാവും.
കോതമംഗലം രൂപതാധ്യക്ഷന്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രപ്രഭാഷണം നടത്തും. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
എംപിമാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, മുന്‍ മന്ത്രി ടി.യു. കുരുവിള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ എന്നിവര്‍ പെങ്കെടുക്കും.