കൂത്താട്ടുകുളത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച മുതൽ
1592593
Thursday, September 18, 2025 5:01 AM IST
കൂത്താട്ടുകുളം: വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കൂത്താട്ടുകുളം മാർക്കറ്റ് റോഡ്, കൂത്താട്ടുകുളം-പാലാ റോഡ്, കമ്പം-തേനി ഹൈവേയുടെ ഭാഗമായിട്ടുള്ള പാലക്കുഴ റോഡ് തുടങ്ങിയ റോഡുകളുടെ അറ്റപ്പണികൾ ആദ്യഘട്ടത്തിൽ പൂർത്തിയാകും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കുഴികളിൽ മെറ്റൽ നികത്തിയാകും പണികൾ നടത്തുക. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ടാറിംഗ് ജോലികൾ ആരംഭിക്കും.
കൂത്താട്ടുകുളം-പാലാ റോഡിൽ രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള റോഡ് പൂർണമായി തകർന്നിട്ട് രണ്ട് മാസത്തിലേറെയായി. കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലാണ് നിലവിൽ ഈ റോഡ്. മംഗലത്തു താഴത്തെ കലുങ്ക് നിർമാണത്തിനായി നിലവിൽ ഈ റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ഗതാഗത നിരോധന കാലയളവിൽ റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ വലിയ ആക്ഷേപം നിലവിലുണ്ട്. ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ ഈ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലും പ്രദേശത്ത് താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതെ മഴ ആരംഭിച്ചപ്പോൾ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.