ഇരുന്പനം റിഫൈനറി റോഡിൽ അപകടക്കെണി തീർത്ത് ടാങ്കർ ലോറികളുടെ പാർക്കിംഗ്
1592574
Thursday, September 18, 2025 4:32 AM IST
ഇരുമ്പനം: ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടക്കെണിയായി റോഡരികിൽ ടാങ്കർ ലോറികളുടെ പാർക്കിംഗ്. ഇരുമ്പനം വിളക്ക് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് റിഫൈനറി റോഡിൽ ചിത്രപ്പുഴ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് കൂറ്റൻ ടാങ്കർ ലോറികൾ മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ നിർത്തിയിടുന്നത്.
റോഡിന്റെ ടാർ ഭാഗത്തുനിന്നും കഷ്ടിച്ച് ഒന്നരയടി മാത്രം അകലമിട്ടാണ് ഇവിടെ ടാങ്കർ ലോറികൾ മുതൽ ട്രെയിലർ ലോറികൾ വരെ പാർക്ക് ചെയ്യുന്നത്. ഭാരവാഹനങ്ങൾ നിരന്തരം അതിവേഗത്തിൽ പായുന്ന റിഫൈനറി റോഡിൽ, ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുവാൻ കഷ്ടപ്പെടുകയാണ്. കൂടാതെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ പെട്ടെന്ന് റോഡിലേയ്ക്ക് ഓടിച്ചു കയറ്റുന്നതും ഇവിടെ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
സഹായി പോലുമില്ലാതെ ഡ്രൈവർ മാത്രമായി വരുന്ന ടാങ്കർ ലോറികൾ റോഡരികിലെ പാർക്കിംഗിനും നിർത്തിയിട്ടയിടത്ത് നിന്ന് തിരിച്ച് യാത്ര പുറപ്പെടാനും പിന്നിൽ ഒരാൾ പോലും നോക്കാനില്ലാതെയാണ് വാഹനം റോഡിലേയ്ക്ക് കയറ്റി പുറകോട്ടും മറ്റും തിരിക്കുന്നത്. വേഗതയിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാർ ഇത്തരം സന്ദർഭങ്ങളിൽ ആയുസിന്റെ ബലം കൊണ്ടു മാത്രം രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്.
ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ ലോറികളുടെ പാർക്കിംഗ് തടയുന്നതിനായി റോഡരികിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചതിന് ശേഷമാണ് റിഫൈനറി റോഡിൽ ലോറികളുടെ പാർക്കിംഗ് അനിയന്ത്രിതമായ വിധം വർധിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ അടിയന്തിരമായി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.