ഗിഫ്റ്റ് ഓഫ് റീഡിംഗ് വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ് കൈമാറി
1592582
Thursday, September 18, 2025 4:48 AM IST
കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് മിഡ് ടൗണ്‍ കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് എറണാകുളം എസ്ആര്‍വി സ്കൂളില്‍ നടപ്പിലാക്കുന്ന ഗിഫ്റ്റ് ഓഫ് റീഡിംഗ് സ്കോളര്‍ഷിപ്പ് പദ്ധതിയിലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ് കൈമാറി.
ജൂലൈ ഒന്നിനാണ് പുസ്തക വായനയില്‍ മികവ് തെളിയിക്കുന്ന എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് എല്ലാ മാസവും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് എസ്ആര്‍വിഎസ് ഫ്രണ്ട്സ് ചെയര്‍മാനും റോട്ടറി മുന്‍ ഡിസ്ട്രിക്ട് പ്രസിഡന്റുമായ ആര്‍ക്കിടെക്റ്റ് പ്രഫ.ബി.ആര്. അജിത് പ്രഖ്യാപിച്ചത്. എസ്ആര്‍വി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രഫ. ബി.ആര് അജിത് വിജയികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ കൈമാറി. എസ്ആര്‍വി ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ എ.എന്‍. ബിജു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിന്‍സി ജോസഫ്, ഹൈസ്കൂള്‍ പ്രധാനാധ്യാപിക ടി.കെ. സീമ, യുപി സ്കൂള്‍ പ്രധാനാധ്യാപിക പി.പി. സജിനി, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ മുന്‍ പ്രസിഡന്റുമാരായ ടി.ടി. തോമസ്, കെ.കെ.ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.